കരിങ്ങോള്‍ച്ചിറയിലെ പൈതൃക സ്മാരകങ്ങള്‍ കാട് പിടിച്ച് നശിക്കുന്നു
തിരുവതാംകൂര്‍ രാജഭരണത്തിന്റെ ശേഷിപ്പുകളായ അടുക്കളയടക്കമുള്ള ക്വാര്‍ട്ടേഴ്‌സും ജയിലുമാണ് അധികൃതരുടെ അവഗണനയെതുടര്‍ന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നതത്.
മാള: ചരിത്രമുറങ്ങുന്ന രാജഭരണകാല നിര്‍മിതിയായ കരിങ്ങോള്‍ച്ചിറയിലെ പൈതൃക സ്മാരകങ്ങള്‍ കാട്പിടിച്ച് നശിക്കുന്നു. തിരുവതാംകൂര്‍ രാജഭരണത്തിന്റെ ശേഷിപ്പുകളായ അടുക്കളയടക്കമുള്ള ക്വാര്‍ട്ടേഴ്‌സും ജയിലുമാണ് അധികൃതരുടെ അവഗണനയെതുടര്‍ന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നതത്. നിലവില്‍ കാട്പിടിച്ച് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പുരാവസ്തു വകുപ്പും തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാലങ്ങളായി തുടരുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
പുത്തന്‍ചിറ-മാള റൂട്ടില്‍ റോഡിനരികില്‍ സ്ഥിതിചെയ്യുന്ന ഈ പൈതൃക സ്മാരകങ്ങള്‍ തെരുവ് നായകളുടെ താവളമായി മാറിയതോടെ രാപ്പകല്‍ വ്യത്യാസമില്ലാതെ ഇത് വഴിയുള്ള യാത്ര അപായകരമായിതീര്‍ന്നിരിക്കയാണ്. നായകളുടെ സൈ്വര്യ വിഹാരം കാരണം കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുവഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
രാജഭരണകാലത്ത് തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും അതിര്‍ത്തിപ്രദേശമായിരുന്ന പുത്തന്‍ചിറയില്‍ കള്ളന്‍മാരുടെയും കള്ളകടത്ത്കാരുടേയും ശല്യം രൂക്ഷമായിരുന്നു. അതിനാലാണ് ഇവിടെ പോലീസ് സ്റ്റേഷനും ജയിലും സ്ഥാപിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതില്‍ പോലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ കേടുപാടുകള്‍ രണ്ട് വര്‍ഷം മുന്‍പ് തീര്‍ത്തെങ്കിലും ബാക്കിയുള്ള ശേഷിപ്പുകള്‍ നശിക്കുകയാണ്. കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രവും ഇവിടെയായിരുന്നെന്നാണ് ചരിത്രം പറയുന്നത്. അന്ന് ഇന്നാട്ടുകാരുടെ സുരക്ഷക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനങ്ങള്‍ ഇന്ന് ഈ പ്രദേശത്തുകാരെ ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ കഥപറയുന്ന ഈ പൈതൃക സ്മാരകങ്ങളുടെ കഴുക്കോലും പട്ടികയുമെല്ലാം ചിതലരിച്ച് ഒടിഞ്ഞ് വീണതിന് ശേഷം ചുമരുകളും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. ഈ കെട്ടിടങ്ങളുടെ കേട് പാടുകള്‍ തീര്‍ത്ത് പൈതൃക സ്മാരകമാക്കി വരും തലമുറകള്‍ക്കായി കാത്ത് വെക്കണമെന്നാണ് പൈതൃക സ്‌നേഹികളില്‍ നിന്നും പഴമക്കാരില്‍ നിന്നും ശക്തമായി ഉയരുന്ന ആവശ്യം. അതിന് കഴിയില്ലെങ്കില്‍ അവ പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വായനശാലപോലെയുള്ള ഒരു സ്മാരക മന്ദിരം നിര്‍മ്മിക്കാനെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അത് വഴി തെരുവ് നായ ഭീഷണി ഇല്ലാതാക്കാനും പുത്തന്‍ചിറയിലെ പൈതൃക സ്മാരകങ്ങളുടെ ഓര്‍മ്മ നിലനിത്താനും സാധിക്കുമെന്നാണ് ഇന്നാട്ടുകാരുടെ പ്രതീക്ഷ.