നൂറ്റാണ്ടുകളുടെ കഥ പറയുന്ന കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

Update: 2021-04-13 14:40 GMT

പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് സംരക്ഷിച്ച രാജഭരണ കാലത്തെ പൊലീസ് സ്‌റ്റേഷന്‍

മാള(തൃശൂര്‍): നൂറ്റാണ്ടുകളുടെ കഥ പറയുന്ന കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. 2018 ല്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥലം എംഎല്‍എ വി ആര്‍ സുനില്‍കുമാറിന്റെ സാന്നിധ്യത്തിലാണ് കരിങ്ങോള്‍ച്ചിറയെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നിര്‍മിതി കേന്ദ്രവും സംയുക്തമായി കരിങ്ങോള്‍ച്ചിറയില്‍ പൈതൃക പാര്‍ക്കും മ്യൂസിയവും ബോട്ട് സവാരിയും ആരംഭിക്കാനുള്ള രൂപരേഖ തയ്യാറാക്കി. കരിങ്ങോള്‍ച്ചിറയില്‍ ഇന്നസെന്റ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു. പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന സ്വപ്നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറ്റാണ്ടുകളുടെ കഥ പറയുന്ന രാജഭരണ കാലത്തെ പോലിസ് സ്‌റ്റേഷനും ജയിലും അഞ്ചല്‍പ്പെട്ടിയുമെല്ലാം ഇവിടെയുണ്ട്. അവയുടെ സംരക്ഷണത്തിനായി പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ജീര്‍ണാവസ്ഥയിലായ രാജഭരണകാലത്തെ ജയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചു. പുരാതനമായ അഞ്ചല്‍പ്പെട്ടിക്ക് സംരക്ഷണ മറയൊരുക്കി. മതില്‍ കെട്ടി സംരക്ഷിക്കാനുള്ള പദ്ധതി ചില തല്‍പ്പരകക്ഷികള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ട് മുമ്പ് വരെ കോട്ടപ്പുറം ചന്തയിലേക്ക് ജലഗതാഗതം നടന്നിരുന്ന കരിങ്ങോള്‍ച്ചിറയുടെ തീരത്തിന്റെ ഓര്‍മ നിലനിര്‍ത്താനായി ഇവിടെ പാര്‍ക്കും പൈതൃക മ്യൂസിയവും സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്.

    പലതരം നീര്‍പക്ഷികളുടേയും ദേശാടനപക്ഷികളുടേയും പറുദീസയാണ് കരിങ്ങോള്‍ച്ചിറ. താമരക്കോഴി, കരിന്തലയന്‍ ഐബീസ് ഇനത്തില്‍ പെട്ടകൊക്കുകള്‍, വെള്ളരി കൊക്കുകള്‍, താറാവ് എരണ്ടകള്‍, കല്ലന്‍ എരണ്ടകള്‍, ചട്ടുക കൊക്ക്, പുളിചുണ്ടന്‍ കൊതുമ്പന്നം, ആളകള്‍, പച്ചഎരണ്ട, ചേരക്കോഴി, വര്‍ണകൊക്ക്, നീര്‍കാക്കകള്‍, കുളക്കോഴികള്‍ തുടങ്ങിയ നീര്‍പക്ഷികളെയും ദേശാടന പക്ഷികളെയും ഇവിടെ കാണാന്‍കഴിയും. കരിങ്ങോള്‍ച്ചിറ പുഴയുടെ ഓരം ചേര്‍ന്നുള്ള യാത്ര അവിസ്മരണീയ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഇത്തരം സാധ്യതകള്‍ക്കൊപ്പം കരിങ്ങോള്‍ച്ചിറയിലെ അപൂര്‍വ്വയിനം മല്‍സ്യ സമ്പത്ത് വീണ്ടെടുത്ത് സംരക്ഷിക്കാന്‍ നടപടിയുണ്ടായാല്‍ അപൂര്‍വയിനം പുഴമീനുകളുടെ വിപണന കേന്ദ്രമായും കരിങ്ങോള്‍ച്ചിറ വികസിപ്പിക്കപ്പെടും.

    കരിങ്ങോള്‍ച്ചിറയുടെ ടൂറിസം വികസന പദ്ധതി അധികൃതരുടെ അനാസ്ഥയില്‍ അനന്തമായി നീളുകയാണ്. കെടുകാര്യസ്ഥതയുടേയും കൃത്യമായ ആലോചനയില്ലായ്മയുടെയും സ്മാരകമായ കരിങ്ങോള്‍ച്ചിറയില്‍ പണിത പാലവും ഇതുപോലെയൊരു സ്മാരകമായി മാറുമോയെന്ന ആശങ്കയും നാട്ടുകാരിലുണ്ട്.

Karingolchira's tourism development project

Tags:    

Similar News