ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പഞ്ചാബ് സര്‍ക്കാരിന് രണ്ട് ദിവസത്തെ സമയം അനുവദിച്ച് സുപ്രിം കോടതി

Update: 2025-01-01 07:20 GMT

ന്യൂഡല്‍ഹി: നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളി(70)നെ ആശുപത്രിയിലേക്ക് മാറ്റാന്‍ പഞ്ചാബ് സര്‍ക്കാരിന് രണ്ട് ദിവസത്തെ സമയം കൂടി അനുവദിച്ച് സുപ്രിം കോടതി. കര്‍ഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം പാലിക്കാന്‍ മൂന്ന് ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ട പഞ്ചാബ് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ഉത്തരവ്.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രിം കോടതി നിര്‍ദ്ദേശം പാലിക്കാന്‍ മൂന്ന് ദിവസം കൂടി സമയം ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് ചൊവ്വാഴ്ച്ചയാണ് സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയത്.ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആരോഗ്യനിലയെക്കുറിച്ച് ജനുവരി 2ന് ചര്‍ച്ച ചെയ്തതിനു ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്തേക്ക് ചര്‍ച്ച നടത്താന്‍ ബന്ധപ്പെട്ടവര്‍ പോയിട്ടുണ്ടെന്നും അത് പാലിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍വീന്ദര്‍ സിങ് കോടതിയെ അറിയിച്ചിരുന്നു.

രാഷ്ട്രീയ, ഭരണപരമായ ഉദ്യോഗസ്ഥര്‍ ദല്ലേവാളുമായി സജീവമായി ഇടപഴകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പതിവായി അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുവാക്കളെ അണിനിരത്താനുള്ള ദല്ലേവാളിന്റെ ആഹ്വാനത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഖനൗരി അതിര്‍ത്തിയില്‍ 3,500 കര്‍ഷകരാണ് ഒത്തുകൂടിയത്.

Tags:    

Similar News