കൂടിയ രോഗവ്യാപനം, കുറഞ്ഞ ആശുപത്രിപ്രവേശം; കൊവിഡ് മൂന്നാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ നിരവധി കാരണങ്ങള്‍
രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിദിനം വര്‍ധിക്കുകയാണ്. ഡിസംബര്‍ 27 മുതലുള്ള രോഗബാധയുടെ പ്രതിവാര ശരാശരിയും ഉയരുന്നു. 2021 ഡിസംബര്‍ 27ന് 6,780 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കില്‍ ഇന്ന് (2022 ജനുവരി 15)അത് 2.68 ലക്ഷമായി വര്‍ധിച്ചു. ജനുവരി 13ാം തിയ്യതി അത് 1,93,418 ആയിരുന്നു. രോഗവ്യാപനത്തിനൊപ്പം മരണനിരക്കും ഉയരുകയാണ്. ആദ്യ ഘട്ടത്തില്‍ മരണം ഉയര്‍ന്നിരുന്നില്ലെങ്കിലും ഇപ്പോള്‍ പ്രത്യേകിച്ച് ജനുവരി 4മുതല്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനൊരു അപവാദം കേരളമാണ്. കേരളത്തില്‍ കുറേ നാളുകളായി മരണ നിരക്ക് ഒറ്റനോട്ടത്തില്‍ കൂടുതലാണ്.
ഇപ്പോഴത്തെ അവസ്ഥ രണ്ടാം തരംഗസമയത്ത് ഉണ്ടായ ഡെല്‍റ്റ വ്യാപനത്തിനു സമാനമാണെന്ന ഒരു ചിന്ത രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കാന്‍ വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് പോകേണ്ടതുണ്ടെന്നും ചിലര്‍ കരുതുന്നു. രോഗവ്യാപന തീവ്രത ഉയര്‍ന്നിരിക്കുകയും മരണം കൂടിയിരിക്കുകയും ചെയ്യുമ്പോള്‍ ലോക്ക് ഡൗണ്‍ വേണ്ടതല്ലേയെന്നാണ് ആലോചന. എന്നാല്‍ കാര്യങ്ങള്‍ നേരെ കാണുന്നതുപോലെയല്ലെന്നാണ് വിശദമായ പരിശോധന തെളിയിക്കുന്നത്.
ഡിസംബര്‍ 27ാം തിയ്യതി മുതല്‍ മരണനിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും ഒരാഴ്ചയിലെ ശരാശരി മരണ നിരക്ക് എടുത്താല്‍ അത് കൂടുകയാണെന്ന് പറയാനാവില്ല.
ഇപ്പോഴത്തെ മരണനിരക്കിലെ പ്രധാന കാരണം കേരളമാണ്. രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നതിലെ പകുതിയിലേറെ മരണവും കേരളത്തില്‍ നിന്നാണ്. അവ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. അവ ഇപ്പോള്‍ സംഭവിച്ച മരണങ്ങളല്ല. ഒമിക്രോണിനു മുമ്പ് റിപോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കുന്നതുകൊണ്ടാണ് ഇപ്പോഴത്തെ കണക്കില്‍ അത് ഉള്‍പ്പെടുന്നത്. അതുകൊണ്ട് ദേശീയ തലത്തിലെ മരണനിരക്ക് കണക്കാക്കുമ്പോള്‍ കേരളത്തെ ഒഴിവാക്കി വേണം കണക്കുകൂട്ടാന്‍. അല്ലെങ്കില്‍ നിഗമനം തെറ്റാവാനുള്ള സാധ്യതയുണ്ട്.
കേരളത്തിനുപുറത്ത് കൊവിഡ് രണ്ടാം തരംഗം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12ാം തിയ്യതിയാണ് ആരംഭിച്ചത്. പുതിയ തരംഗം 2021 ഡിസംബര്‍ 22നും ആരംഭിച്ചു. രണ്ടാം തരംഗത്തിന്റെ 23ാം ദിവസത്തെ കൊവിഡ് മരണത്തിന്റെയും ആകെ രോഗബാധയുടെയും ശരാശരിയെടുത്താല്‍ (ഡല്‍റ്റാവ്യാപനം) അത് 0.64 ശതമാനമായിരുന്നു. ഇപ്പോള്‍ ഒമിക്രോണ്‍ കാലത്ത് അത് 0.07 ശതമാനമാണ്. കഴിഞ്ഞ തരംഗത്തിന്റെ വെറും പത്തിലൊന്ന് മാത്രം. അതായത് മരണനിരക്ക് ഈ തരംഗത്തില്‍ താരതമ്യേന കുറവാണെന്ന് അര്‍ത്ഥം.
മരണനിരക്ക് കുറയുന്നതിനുപിന്നില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞതുമാത്രമല്ല, കാരണം. കേരളത്തിനു പുറത്ത് ശരാശരി രോഗബാധിതരുടെ എണ്ണം ഇപ്പോള്‍തന്നെ ഡല്‍റ്റ വകഭേദത്തിന്റെ സമയത്തെ ഏറ്റവും കൂടിയ രോഗബാധയുടെ 52 ശതമാനമാണ്. ഡല്‍റ്റയുടെ കാലത്തെ കൂടിയ മരണത്തിന്റെ 3.3 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. ഇത് താമസിയാതെ വര്‍ധിക്കാനാണ് സാധ്യത. എങ്കിലും മരണനിരക്ക് രണ്ടാഴ്ച പിന്നിലായാണ് വര്‍ധിക്കുന്നത്. ഇപ്പോഴത്തെ രോഗവ്യാപനം ഡല്‍റ്റകാലത്തെപ്പോലെ ഉയര്‍ന്നാലും മരണം കുറഞ്ഞിരിക്കുന്നതുകൊണ്ട് മരണനിരക്കും കുറയും.
മരണനിരക്ക് വളരെ കുറവാണെങ്കിലും ജാഗ്രത വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അത് പൂര്‍ണമായും ശരിയുമാണ്. കാരണം രോഗം പിടിച്ച് ആശുപത്രിയിലാവുന്നത് ദരിദ്രരെ സംബന്ധിടത്തോളം അവരുടെ ചെലവുകള്‍ വര്‍ധിപ്പിക്കും. അവരുടെ സാമ്പത്തിക ഭദ്രത താളംതെറ്റിക്കും. 2017ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 60 ശതമാനവും അവരുടെ ആശുപത്രിച്ചെലവിന്റെ 30 ശതമാനവും കടംവാങ്ങിയും വസ്തുവിറ്റുമാണ് കണ്ടെത്തുന്നുത്. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ കാര്യത്തില്‍ ഇത് 20 ശതമാനം മാത്രമാണ്.
അതിനര്‍ത്ഥം കൊവിഡ് മൂലം ദരിദ്രര്‍ ആളുകള്‍ ആശുപത്രിയിലെത്തിയാല്‍ അതവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനെ ബാധിക്കുമെന്നാണ്.
ജാഗ്രതവേണമെന്നതിന്റെ അര്‍ത്ഥം ഭീതിപ്പെടണമെന്നല്ല. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിഞ്ഞ തവണത്തെപ്പോലെ അടച്ചുപൂട്ടിക്കഴിയണമെന്നുമല്ല. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടതുമില്ല.
ആശുപത്രിച്ചെലവുകള്‍ അധികമാണെങ്കിലും ഇത്തവണ കുറച്ചുപേര്‍ക്കു മാത്രമേ ആശുപത്രിയിലെത്തേണ്ടിവരികയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ തരംഗത്തില്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറവാണെന്ന് കണക്കുകള്‍ പറയുന്നു. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ഈ സമയത്ത് കഴിഞ്ഞ തരംഗത്തില്‍ 21,154 പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇപ്പോഴത് (ജനുവരി 13)2,969 മാത്രമാണ്.
ഇതിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ അപകടകരമായി ബാധിക്കും. ലോക്ക്ഡൗണിലേക്ക് പോയാല്‍ നികുതി വരുമാനം കുറയും. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കുന്നതാണ് അഭികാമ്യം.
പക്ഷേ, ഇത്തവണത്തെ ആശുപത്രി വാസം കുറവാണെങ്കിലും ആശുപത്രിയില്‍ പോകേണ്ടിവന്നാല്‍ അത് പാവപ്പെട്ടവരെ കാര്യമായി ബാധിക്കും. കാരണം അവര്‍ ചെറിയ ചെറിയ തൊഴിലുകള്‍ കണ്ടെത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പണി കുഞ്ഞാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനം കുറയും, നീക്കിയിരിപ്പും കുറയും. അടച്ചുപൂട്ടിയാല്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നവരെ കാര്യമായി ബാധിക്കും. ഒപ്പം അവരുടെ ജീവനക്കാരെയും ബാധിക്കും. രാജ്യത്തെ വലിയൊരു തൊഴില്‍ മേഖലയാണ് അത്. അതുകൊണ്ടുതന്നെ അടച്ചുപൂട്ടുന്നത് വലിയ സാമൂഹിക ദുരിതത്തിലേക്ക് നയിക്കും.
പക്ഷേ, അടച്ചുപൂട്ടാതിരുന്നാല്‍ കുറച്ചുപേരെങ്കിലും ആശുപത്രിയില്‍ പോകേണ്ടിവരും. അത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയും ചെയ്യുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാം. വെറുതേ ലോക്ക്ഡൗണ്‍ ഒഴിവാക്കിയാല്‍ പോര മെച്ചപ്പെട്ട ചികില്‍സയും ലഭ്യമാക്കുകയാണ് വേണ്ടത്.