കേരളത്തില്‍ 'ഷാഡോ പാന്‍ഡമിക്' സ്ഥിതിവിശേഷം വര്‍ദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

Update: 2021-10-25 04:03 GMT

തൃശൂര്‍: കൊവിഡ് കാലഘട്ടം മൂലം കേരളത്തില്‍ 'ഷാഡോ പാന്‍ഡമിക്' എന്ന സ്ഥിതിവിശേഷം വര്‍ദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആര്‍ ബിന്ദു. കുഞ്ഞുങ്ങള്‍ക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എല്‍ പി എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വര്‍ധിച്ചു വരുന്നതിന് കാരണം ഷാഡോ പാന്‍ഡമിക്കാണ്. ഊര്‍ജ്ജത്തിന്റെ വന്‍തോതിലുള്ള സമാഹാരമാണ് കുട്ടികള്‍. അവരിലെ ഊര്‍ജ്ജത്തെ ശരിയായ വിധം പുറത്തേയ്ക്ക് പ്രവഹിക്കാനുള്ള സാധ്യത കൊവിഡ് കാലഘട്ടം ഇല്ലാതാക്കി. 

ഇത് മൂലം കുടുംബങ്ങള്‍ക്കകത്ത് തന്നെ ഹിംസാത്മകത വര്‍ധിക്കുകയും കുട്ടികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് ഏറുകയും ചെയ്തു. ഇത്തരം അവസ്ഥയെ അതിജീവിക്കാന്‍ സാമൂഹികമായി കൈകോര്‍ത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞു മക്കള്‍ക്കൊപ്പം പദ്ധതി തയ്യാറാക്കിയിട്ടുള്ളത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാലയങ്ങളെയും അധ്യാപകരെയും കാണാതെ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസിന് മുന്നിലിരിക്കുന്ന പ്രീപ്രൈമറി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായുള്ള പരിശീലന പരിപാടിയാണ് കുഞ്ഞുമക്കള്‍ക്കൊപ്പം. കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ രണ്ട് മാസം കൊണ്ട് പദ്ധതി വ്യാപിപ്പിക്കും. നേരത്തെ ആവിഷ്‌കരിച്ച മക്കള്‍ക്കൊപ്പം പദ്ധതിയുടെ തുടര്‍ച്ചയാണിത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള പരിശീലനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. 

പ്രീപ്രൈമറി വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കായി നടത്തുന്ന പരിപാടിയില്‍ പഞ്ചേന്ദ്രിയ പരിശീലനം, കഥ ചൊല്ലല്‍, പാട്ട് പാടല്‍, ക്രാഫ്റ്റ് നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനമാണ് ഉള്‍ക്കൊള്ളിക്കുക. കോവിഡ് കാലഘട്ടത്തില്‍ വീടുകള്‍ ക്ലാസ് മുറികളായപ്പോള്‍ അധ്യാപകരെ നേരില്‍ കാണാതെ വിദ്യ അഭ്യസിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രക്ഷിതാക്കള്‍ തന്നെ അധ്യാപകരായി മാറുന്ന രീതിയാണിത്. ചടങ്ങില്‍ ശാസ്ത്ര കേരളത്തിന്റെ കൗമാര പതിപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗമി പ്രസാദ്, എം കെ ഫല്‍ഗുനന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ജില്ലാ ശിശുവികസന ഓഫീസര്‍ പി മീര, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ കെ ജി വിശ്വനാഥന്‍, പരിഷത്ത് പ്രസിഡന്റ് ഒ എം ശങ്കരന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ ബി ബേബി, ടി എസ് സജീവന്‍, വിവിധ ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News