കോഴിക്കോട്: പശ്ചാത്തല, കാര്‍ഷിക മേഖലകളില്‍ മാറ്റത്തിന് വേഗത കൂട്ടുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഭൂരിപക്ഷം ജനതയും വസിക്കുന്ന മലയോര മേഖലയുടെ വികസനമാണ് മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നതിലൂടെ കൈവരിക്കാനാകുക. മലയോര തീരദേശ നാഷണല്‍ ഹൈവേയും 2025 നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മുടിക്കലില്‍ മലയോര ഹൈവേയുടെയും കുളങ്ങരത്ത് വിലങ്ങാട് റോഡ് പ്രവൃത്തിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബിയില്‍നിന്ന് 49.22 കോടി ചെലവഴിച്ചാണ് പുല്ലുവായ് തൊട്ടില്‍പ്പാലം മലയോര ഹൈവേയുടെ നിര്‍മാണം.
കുളങ്ങരത്ത് നമ്പിയത്താംകുണ്ട് വാളൂക്ക് വിലങ്ങാട് റോഡ് പ്രവൃത്തിക്ക് 42.94 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു.
ചടങ്ങില്‍ എംഎല്‍എ ഇ.കെ വിജയന്‍ അധ്യക്ഷനായി. എസ് സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എ കെ. പി കുഞ്ഞമ്മദ് കുട്ടി ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി ചന്ദ്രി, കെ.പി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു കാട്ടാളി, പി.ജി ജോര്‍ജ്ജ്, വി.വി മുഹമ്മദലി, ഒ.പി ഷിജില്‍, വി.കെ റീത്ത, വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.