കോഴിക്കോടിനെ ഗൗരവമായി പരിഗണിച്ചു; സമഗ്ര മാറ്റത്തിന് വഴിവെക്കുന്ന ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Update: 2022-03-11 19:12 GMT

തിരുവനന്തപുരം: പരിമിതികള്‍ക്കുള്ളില്‍നിന്നു സമസ്ത മേഖലകളിലും അടിസ്ഥാനപരവും സമഗ്രവുമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പൊതുമരാമത്ത്ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വിനോദ സഞ്ചാരം, ഐ ടി, ശാസ്ത്ര സാങ്കേതികം തുടങ്ങി ഓരോ മേഖലയിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള നിര്‍ദേശങ്ങളാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

കോഴിക്കോടിനെ ബജറ്റില്‍ ഗൗരവമായി പരിഗണിച്ചതില്‍ ധനമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. കോഴിക്കോട് വിവിധ റോഡുകളുടെ വികസനത്തിനായി വിശദ പദ്ധതിരേഖ തയ്യറാക്കാന്‍ തുക വകയിരുത്തിയത് റോഡുകളുടെ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കും. കോഴിക്കോട് കണ്ണൂര്‍ ഐടി ഇടനാഴിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യ വികസനവും ഈ മേഖലയില്‍ കോഴിക്കോടിനെ സംബന്ധിച്ച് വലിയ വികസനത്തിന് കാരണമാവും.

സ്റ്റാര്‍ട്ട് അപ്പ്, ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവ ആരംഭിക്കുന്നതിനു സര്‍വകലാശാലകള്‍ക്ക് തുക അനുവദിച്ചതിന്റെ ഭാഗമായി കോഴിക്കോട് സര്‍വകാലശാലയ്ക്ക് ഇരുപത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ അധിഷ്ഠിത സമീപനത്തിന് ഇത് ആക്കം കൂട്ടും. സൈബര്‍ പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 12.83 കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോടിന്റെ ഐ ടി മേഖലയില്‍ ഇത് വലിയ മുതല്‍ക്കൂട്ടാകും.

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം വ്യവസായ യൂണിറ്റുകള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇങ്കുബേറ്ററുകള്‍ക്കുമായി രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ അഭ്യസ്തവിദ്യരായ, പുതിയ ആശയങ്ങള്‍ ഉള്ള ചെറുപ്പക്കാര്‍ക്ക് ഇത് വലിയതോതില്‍ തൊഴില്‍ അവസരങ്ങള്‍ക്ക് ഇത് കാരണമാവും.

ബേപ്പൂര്‍ തുറമുഖം ഉള്‍പ്പെടെ ചരക്കു നീക്കത്തിനും യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനും 41.51 കോടിയാണ് ബജറ്റില്‍ മാറ്റിവച്ചത്. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിനായി പതിനഞ്ചു കോടിയും നീക്കിവച്ചിട്ടുണ്ട്. ബേപ്പൂരിന്റെ മാത്രമല്ല, മലബാറിന്റെതന്നെ വലിയ വികസനത്തിന് ഇത് വഴിയൊരുക്കും.

കോവളം, കൊല്ലം, കൊച്ചി, ബേപ്പര്‍, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോര്‍ത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കുന്നത് ഈ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാക്കും.

കോഴിക്കോട്ടെ സംകാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും പ്രധാന തട്ടകമാണ് നഗര മധ്യത്തിലെ ആര്‍ട് ഗാലറി. ആര്‍ട് ഗാലറിയുടെയും കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെയും നവീകരണത്തിന് 28.6 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കോഴിക്കോട് ഗോത്രവര്‍ഗ മ്യൂസിയത്തിന്റെ പുനര്‍ നിമ്മാണത്തിനുംനവീകരണത്തിനും ആദിവാസി കലാകേന്ദ്രത്തിന്റെ ആധുനിക വല്‍ക്കരണത്തിനും ആദിവാസ്സി സ്വാതന്ത്ര്യ സമര സേനാനികളെ സംബന്ധിച്ചുള്ള ഒരു മ്യൂസിയത്തിന്റെ നിര്മാണത്തിനുമായി കിര്‍ത്താഡ്‌സ് വഴി നടപ്പാക്കുന്ന പദ്ധതിക്ക് 53.33 ലക്ഷം രൂപ നീക്കി വച്ചത് വളരെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News