ബജറ്റ് ദിനത്തില്‍ ധനമന്ത്രി പാര്‍ലമെന്റിലെത്തിയത് ദുലാരി ദേവി സമ്മാനിച്ച സാരിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മധുബനി കലാസൃഷ്ടികളാല്‍ അലങ്കരിച്ച മനോഹരമായ സാരി ധരിച്ചാണ് ഇപ്രാവശ്യം നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണത്തിന് പാര്‍ലമെന്റിലെത്തിയത്. മധുബനി കലാകാരിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ദുലാരി ദേവി നിര്‍മ്മല സീതാരാമിന് സമ്മാനിച്ച സാരിയാണ് ഇത്.

ബീഹാറിലെ മധുബാനിയിലുള്ള മിഥില ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രെഡിറ്റ് ഔട്ട്റീച്ച് പരിപാടിക്കിടെയാണ് ദുലാരി ദേവി കേന്ദ്ര ധനമന്ത്രിയെ കാണുന്നത്. മധുബനി കലയുടെ സാംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ച് നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയ ദുലാരി ദേവി കൂടികാഴ്ചക്കു ശേഷം അവര്‍ക്ക് സാരി സമ്മാനിക്കുകയായിരുന്നു. കൂടാതെ ഏതെങ്കിലും പ്രത്യേക അവസരത്തില്‍ അത് ധരിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
പരമ്പരാഗതമായി ചിത്രകലയുമായി ബന്ധമില്ലാത്ത ഒരു മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ജനിച്ചയാളാണ് ദുലാരി ദേവി. നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ് ദുലാരി ദേവിയുടെ ജീവിതകഥ. 13-ാം വയസ്സില്‍ വിവാഹിതയായ അവര്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിനേ തുടര്‍ന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. മകളുടെ മരണം കൂടിയായതോടെ തകര്‍ന്നു പോയ ദുലാരി ദേവി ഒടുവില്‍ അഭയം കണ്ടെത്തിയത് കലയിലാണ്.

മഹാസുന്ദരി ദേവി, കര്‍പ്പൂരി ദേവി തുടങ്ങിയ പ്രശസ്ത ചിത്രകാരന്മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവര്‍ മധുബനി കലയെ നെഞ്ചേറ്റിയത്. ഒരിക്കല്‍ പോലും സ്‌കൂളില്‍ പോയിട്ടില്ലാത്ത അവരുടെ സൃഷ്ടികള്‍ ഇതിനോടകം നിരവധി എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. 1,000ത്തോളം കലാകാരന്മാര്‍ക്ക് മധുബനി കലയില്‍ ഇവര്‍ പരിശീലനം നല്‍കിയിട്ടുമുണ്ട്.