ബജറ്റില്‍ ഭൂനികുതിയലും കോടതി ഫീസിലും വര്‍ധന, വിമര്‍ശനം

Update: 2025-02-07 10:18 GMT
ബജറ്റില്‍ ഭൂനികുതിയലും കോടതി ഫീസിലും വര്‍ധന, വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റില്‍ ഭൂനികുതിയലും കോടതി ഫീസിലും വര്‍ധന. നിലവിലുള്ള ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും.ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂടും. വില അനുസരിച്ചായിരിക്കും നികുതിയില്‍ മാറ്റം വരുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും.

15 വര്‍ഷം കഴിഞ്ഞ ബൈക്ക്,മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. സംസ്ഥാന ബജറ്റില്‍ കോടതി ഫീസും കൂട്ടിയതായി പ്രഖ്യാപിച്ചു. നികുതി കൂട്ടിയതിനെതിരേ വലിയ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുയര്‍ന്നത്. സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റാണെന്നായിരുന്നു വിമര്‍ശനം. നികുതി കൂട്ടിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News