'കര്‍ക്കടക മാസത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താന്‍ ശ്രമം'; ആര്‍എസ്എസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍

Update: 2022-07-17 04:59 GMT

കോഴിക്കോട്: കര്‍ക്കടക മാസപ്പിറവി ദിനത്തില്‍ ആര്‍എസ്എസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. കര്‍ക്കടക മാസത്തെയും രാമായണ പാരായണ ശീലത്തെയും ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ക്കടകത്തിന്റെ മറ്റൊരു വിളിപ്പേര് രാമായണമാസമെന്നാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് കര്‍ക്കടക മാസത്തില്‍ പാരായണം ചെയ്യുന്ന പതിവ് മലയാളികള്‍ക്കുണ്ട്. ഏറെക്കാലമായി കേരളത്തിലെ വീടുകളില്‍ ഇത് ചെയ്തുവരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താനുള്ള സംഘപരിവാര്‍ ശ്രമമാണ്.

രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായുമാണ് രാമായണത്തില്‍ വായിക്കുക. പക്ഷേ, ആര്‍എസ്എസ്സിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണ്. എല്ലാത്തിലും ക്രൂരതയും ഹിംസയും ചേര്‍ക്കലാണ് ആര്‍എസ്എസ് പരിപാടി. രാമായണപാരായണത്തെയും അവര്‍ കാണുന്നത് അങ്ങനെയാണ്. ഇതേ സമീപനമാണ് കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റിനു മുന്നിലെ അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ചതിലും കാണാനാവുക.

സാരാനാഥിലെ അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്‌നം. അതിലെ സിംഹങ്ങള്‍ക്ക് ശാന്തിയും കരുണയുമാണ് ഭാവം. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങള്‍ ഗര്‍ജിക്കുകയാണ്. ദേശീയ ചിഹ്‌നത്തില്‍ വരെ സ്വന്തം ക്രൗര്യം കുത്തിനിറയ്ക്കുകയാണ് സംഘപരിവാര്‍. കര്‍ക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി അവര്‍ കാണുന്നു. നമ്മുടെ രാഷ്ട്രീയജാഗ്രതയാണ് അവരോടുള്ള പ്രതിരോധമെന്ന് ജയരാജന്‍ ഓര്‍മപ്പെടുത്തി.

Tags:    

Similar News