സ്വകാര്യമേഖലയെ പ്രോല്‍സാഹിപ്പിക്കും; ജനകീയപദ്ധതികളില്ലാതെ കേന്ദ്രബജറ്റ്

Update: 2024-02-01 08:50 GMT

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ പരാമര്‍ശിച്ചായിരുന്നു തുടക്കം. ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നത് സര്‍ക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സര്‍ക്കാര്‍ കടന്നു കഴിഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ഥ്യമാക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനങ്ങള്‍

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും

സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും

മല്‍സ്യസമ്പദ് പദ്ധതി വിപുലമാക്കും

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമാക്കും

ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി

കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും

5 ഇന്റഗ്രേറ്റഡ് മല്‍സ്യ പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കും

രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാലുല്‍പാദനം കൂട്ടും

പുതിയ റെയില്‍വേ ഇടനാഴി

സുരക്ഷിത യാത്രയ്ക്കായി 40000 ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും

മൂന്ന് റെയില്‍വേ ഇടനാഴിക്ക് രൂപം നല്‍കും

വിമാനത്താവള വികസനം തുടരും

വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും

േവ്യാമഗതാഗത മേഖലയും വിപുലീകരിക്കും

കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും

ഇ-വാഹനരംഗ മേഖല വിപുലമാക്കും

കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ നവീകരിക്കും

വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം

സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കും

50 വര്‍ഷത്തിന്റെ പരിധി സംസ്ഥാനങ്ങള്‍ക്ക് വായ്പ

പലിശരഹിത വായ്പ

ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും


Tags:    

Similar News