ഹിജാബിട്ട പെണ്‍കുട്ടി ഒരു നാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവും; കര്‍ണാടക ഹിജാബ് നിരോധനത്തില്‍ പ്രതികരിച്ച് ഉവൈസി
ന്യൂഡല്‍ഹി; ഹിജാബ് ധരിച്ച ഒരു പെണ്‍കുട്ടി ഒരുനാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമെന്ന് ലോക് സഭ എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉവൈസി. ഹിജാബ് ധരിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച കര്‍ണാകയിലെ ഉഡുപ്പിയിലെ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിജാബ് ധരിച്ച പെണ്‍കുട്ടി കോളജുകളില്‍ പോകും. ഒരു നാള്‍ ജില്ലാ കലക്ടര്‍മാരും മജിസ്‌ട്രേറ്റുമാരും ഡോക്ടര്‍മാരും വ്യവസായികളും ആകും- തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോവില്‍ ഉവൈസി പറഞ്ഞു.
'അത് കാണാന്‍ ഞാന്‍ ജീവിച്ചിരിക്കില്ല, പക്ഷേ എന്റെ വാക്കുകള്‍ ഓര്‍ത്തോളൂ, ഒരു ദിവസം ഹിജാബ് ധരിച്ച പെണ്‍കുട്ടി പ്രധാനമന്ത്രിയാകും.'- വീഡിയോവില്‍ അദ്ദേഹം പറയുന്നു.
'നമ്മുടെ പെണ്‍മക്കള്‍ തീരുമാനിച്ച് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാല്‍, അവരുടെ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കും. ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക!'- അദ്ദേഹം ചോദിച്ചു.
इंशा'अल्लाह pic.twitter.com/lqtDnReXBm
— Asaduddin Owaisi (@asadowaisi) February 12, 2022
ഉവൈസിയുടെ പ്രതികരണത്തോട് ബിജെപി കടുത്ത രീതിയിലാണ് പ്രതികരിച്ചത്.
'ഉത്തര്‍പ്രദേശില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തുന്നു. എഐഎംഐഎം സമാജ്‌വാദി പാര്‍ട്ടിയുടെ ബി ടീമാണ്. സംസ്ഥാനത്ത് വികസനത്തിന്റെ സുഗന്ധമുണ്ട്, വര്‍ഗീയതയുടെ ദുര്‍ഗന്ധത്തിന് സ്ഥാനമില്ല.'- യുപി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ശര്‍മ പറഞ്ഞു.