മുസ് ലിം പള്ളി നിര്‍മാണത്തിനെതിരേ ഹിന്ദു മുന്നണി; വെല്ലൂരില്‍ സംഘര്‍ഷാവസ്ഥ

Update: 2022-02-24 16:58 GMT

ചെന്നൈ; തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നവീകരിക്കുന്ന മുസ് ലിം പള്ളിക്കെതിരേ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. ഗാന്ധി റോഡില്‍ മണ്ഡി സ്ട്രീറ്റിലെ പളളിക്കെതിരേ ഹിന്ദുത്വരുടെ പ്രതിഷേധം കനത്തതോടെ പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചു.

ആവശ്യമായ ലൈസന്‍സോ അനുമതിയോ തേടാതെയാണ് പള്ളി നിര്‍മിക്കുന്നതെന്ന് ഹിന്ദുമുന്നണി ആരോപിച്ചു. ഒരുവീടിനെ പളളിയാക്കി മാറ്റുകയാണെന്നാണ് ആരോപണം. നൂറ് മീറ്ററിനുള്ളില്‍ മൂന്ന് ക്ഷേത്രങ്ങളുണ്ടെന്നും അവിടെ പുതുതായി ഒരു പള്ളി വരുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും ഹിന്ദുമുന്നണിക്കാര്‍ വാദിക്കുന്നു. ക്ഷേത്രാചാരങ്ങളുടെ ഭാഗമായ വാദ്യഘോഷങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഹിന്ദുത്വരുടെ വാദം.

കെട്ടിടം ഒരു വ്യാപാരിയുടേതായിരുന്നുവെന്നും ഈ അടുത്ത് വീട് പുതുക്കി പള്ളിയെന്ന ബോര്‍ഡ് വയ്ക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഭാവിയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കുമെന്നതിനാല്‍ പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

''ആ സ്ഥലം വ്യക്തിപരമായ ആരാധനാ കേന്ദ്രമായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പൊതു ആരാധനാലയമാക്കി മാറ്റുന്ന ബോര്‍ഡ് വെച്ചിരിക്കുകയാണ്. ഇതിന് കൃത്യമായ രേഖകളില്ലെന്നാണ് ഹിന്ദു മുന്നണി പറയുന്നത്. റവന്യൂ വകുപ്പ് രേഖകള്‍ പരിശോധിച്ച് വരികയാണ്. എന്ത് വില കൊടുത്തും ക്രമസമാധാനപാലനം നടത്തും. പോലിസ് ജാഗ്രത പാലിക്കുന്നുണ്ട്''-വെല്ലൂര്‍ എസ് പി രാജേഷ് കണ്ണന്‍ പറഞ്ഞു.

മുസ് ലിം സമുദായ സംഘടനകളും കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 1896 മുതല്‍ ഇതൊരു ആരാധനാലയമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഹിന്ദു മുന്നണി മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും സംഘടനകള്‍ ആരോപിച്ചു.

പള്ളി 1896 മുതല്‍ ഇതേ സ്ഥലത്തുണ്ടെന്നാണ് ഡിഎംകെ നല്‍കിയ പരാതിയിലും പറയുന്നത്. ഹിന്ദു മുന്നണി മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണെന്നും ഡിഎംകെ നേതാവ് സി എസ് ഇഖ്ബാല്‍ ആരോപിച്ചു. വെള്ളിയാഴ്ചയോടെ കലക്ടറും ആര്‍ഡിഒയും പള്ളിക്കനുകൂലമായി ഉത്തരവിടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് ചില മുസ് ലിം സംഘടനകള്‍ ഒരു പ്രതിഷേധ ജാഥക്ക് പദ്ധതിയിട്ടിട്ടുണ്ട്.

വ്യാപാരസ്ഥാപനം പെട്ടെന്ന് പള്ളിയാക്കി മാറ്റുകയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തങ്ങളെന്ന് ഹിന്ദു മുന്നണി നേതാവ് ആര്‍ മണിസ്വാമി പറഞ്ഞു.

Tags:    

Similar News