ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വരുടെ ഭീഷണി; മഥുരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു

Update: 2021-11-28 14:04 GMT

മഥുര: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മഥുരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഡിസംബര്‍ ആറാം തിയ്യതി വിഗ്രഹം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്‌കും കൃഷ്ണ ജന്മാഷ്ടന്‍ ക്ഷേത്രവും തൊട്ടുതൊട്ടാണ്.

അഖില ഭാരത ഹിന്ദു മഹാസഭയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിസംബര്‍ 6 ന് നടക്കുന്ന മഹാ ജലാഭിഷേകത്തിന് ശേഷം വിഗ്രഹം സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി.

പ്രദേശത്ത് ഐപിസി 144 പ്രകാരം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് മഥുര എസ് പി സൗരവ് ഗ്രോവര്‍ പറഞ്ഞു. ന്യൂനപക്ഷ മത വിഭാഗങ്ങളുടെ പ്രതിനിധികളുമായി പോലിസ് ചര്‍ച്ച ആരംഭിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതെയിരിക്കാന്‍ കുരുതലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

1992ല്‍ ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്ത ദിവസമാണ് ഹിന്ദു മഹാസഭ വിഗ്രഹം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപമുള്ള പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പ്രാദേശിക കോടതികള്‍ പരിഗണിക്കുന്ന സമയത്താണ് ഷാഹി ഈദ്ഗയ്ക്കുള്ളില്‍ ചടങ്ങുകള്‍ നടത്തുമെന്ന ഹിന്ദു മഹാസഭയുടെ ഭീഷണി.

മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് മുഗള്‍ രാജാവായ ഔറംഗസീബാണെന്നാണ് ഹരജിക്കാരുടെ വാദം. ഔറംഗസീബ് രാജ്യം ഭരിച്ച 1669-70 ല്‍ 'കത്ര കേശവ് ദേവി'ലെ ശ്രീകൃഷ്ണ ജന്മസ്ഥലത്ത് നില്‍ക്കുന്ന ക്ഷേത്രം തകര്‍ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Tags:    

Similar News