'മുസ്‌ലിംകളുടെ മൗനം ദൗര്‍ബല്യമായി കാണരുത്': ഗ്യാന്‍വാപി, മഥുര കേസുകളില്‍ പ്രമേയം പാസാക്കി ജംഇയത്തുല്‍ ഉലമ
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ചില സംസ്ഥാനങ്ങളുടെ ഗൂഢപദ്ധതികളേയും മൗലാന മഹമൂദ് മദനി എതിര്‍ത്തു.
ദയൂബന്ദ്: മുസ്‌ലിംകളോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്നവര്‍ സ്വയം പുറത്തുപോകണമെന്ന് ഇംജയത്തുല്‍ ഉലമാ എ ഹിന്ദ് തലവന്‍ മൗലാന മഹമൂദ് മദനി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ചില സംസ്ഥാനങ്ങളുടെ ഗൂഢപദ്ധതികളേയും മൗലാന മഹമൂദ് മദനി എതിര്‍ത്തു.
'സമുദായാംഗങ്ങള്‍ ഇതൊന്നും കണ്ട് ഭയക്കേണ്ടതില്ലെന്നും മതത്തോട് വിശ്വസ്തത പുലര്‍ത്താനും ഉറച്ചുനില്‍ക്കാനും അദ്ദേഹം മുസ്‌ലിംളോട് ആഹ്വാനം ചെയ്തു. ജംഇയ്യത്ത് മാനേജ്‌മെന്റ് കമ്മിറ്റി വാര്‍ഷിക ദ്വിദിന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുന്‍ രാജ്യസഭാംഗം കൂടിയ മൗലാന മഹമൂദ് മദനി.
'രാഷ്ട്രനിര്‍മാണത്തില്‍ ബദ്ധശ്രദ്ധരായവരെ ഒപ്പം കൂട്ടണം. വിവേകം, ധൈര്യം, ദീര്‍ഘകാല തന്ത്രം എന്നിവ ഉപയോഗിച്ച് വിദ്വേഷത്തിന്റെ വ്യാപാരികളെ നമ്മള്‍ പരാജയപ്പെടുത്തണം. തങ്ങള്‍ ഈ രാജ്യം വിടില്ല, തങ്ങളെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പോകണം'- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകളുടെ നിശബ്ദത ബലഹീനതയായി കാണേണ്ടതില്ലെന്ന് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജംഇയത്ത് ഉലമാ എ ഹിന്ദ് അസം യൂനിറ്റ് പ്രസിഡന്റും ലോക്‌സഭാംഗവുമായ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് കേസ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് തര്‍ക്കം, യൂണിഫോം സിവില്‍ കോഡ് എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങളും സംഘടന പാസാക്കി. എല്ലാ മുസ്‌ലിംകളും ഭയവും നിരാശയും ഒഴിവാക്കി അവരുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാനും
ഇംജയത്തുല്‍ ഉലമാ എ ഹിന്ദ് ആഹ്വാനം ചെയ്തു.
ഗ്യാന്‍വാപി മസ്ജിദ്, മഥുര ഈദ്ഗാഹ് കേസുകള്‍ സംബന്ധിച്ച പ്രമേയത്തില്‍, പൗരാണിക ആരാധനാലയങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ച് രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്ന ശക്തികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടില്‍ അഗാധമായ വേദന രേഖപ്പെടുത്തുന്നതായും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.