ടിപ്പുസുല്‍ത്താന്‍ നിര്‍മിച്ച മാണ്ഡ്യ ജാമിയാ മസ്ജിദില്‍ പൂജ നടത്തുമെന്ന് ഹിന്ദുത്വരുടെ ഭീഷണി; ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ജാമിയാ മസ്ജിദില്‍ ജൂണ്‍ 4ന് പൂജ നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. മാണ്ഡ്യ ജില്ലയിലെ ചരിത്രനഗരമായ ശ്രീരംഗപ്പട്ടണത്താണ് മസ്ജിദുള്ളത്.
ഗ്യാന്‍വാപി മോസ്‌കിനെപ്പോലെ മാണ്ഡ്യ മസ്ജിദിലും സര്‍വേ നടത്തണമെന്നാണ് ചില ഹിന്ദു സംഘടനകളുടെ ആവശ്യം. ശ്രീരംഗപട്ടണം ചലോ എന്ന പേരില്‍ ഏതാനും സംഘടനകള്‍ സാമൂഹികമാധ്യമങ്ങളില്‍ മസ്ജിദിലേക്ക് മാര്‍ച്ചിനും പൂജക്കും ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒരു സംഘടന കോടതിയില്‍ ഹരജിയും നല്‍കി.
ഹിന്ദുത്വര്‍ മസ്ജിദിനുള്ളില്‍ ആരാധനക്കെത്തിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരുമായി ആലോചിക്കുന്നുണ്ട്. മസ്ജിദിന്റെ ചുറ്റും സുരക്ഷ ശക്തമാക്കി. ജൂണ്‍ 3, 4 തിയ്യതികളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
വിഎച്ച്പി, ബജ്രംഗ്ദള്‍ നേതാക്കള്‍ എന്നിവരാണ് ശ്രീരംഗപ്പട്ടണം ചലോ പദ്ധതി ആഹ്വാനം ചെയ്തിട്ടുള്ളത്.
മസ്ജീദ് മാനേജ്‌മെന്റ് സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു.
1786-87ല്‍ ടിപുസുല്‍ത്താനാണ് ഈ മസ്ജിദ് നിര്‍മിച്ചത്. മസ്ജിദെ അഅല എന്നും ഇതറിയപ്പെടുന്നു. ടിപ്പുവിന്റെ ശ്രീരംഗപ്പട്ടണം കോട്ടയിലെ മസ്ജിദാണ് ഇത്. മുഹമ്മദ് നബിയുടെ ഒമ്പത് പേരുകള്‍ ഇവിടെ കൊത്തിവച്ചിട്ടുണ്ട്.
നരേന്ദ്ര മോദി വിചാര്‍ മഞ്ച് എന്ന സംഘടനയാണ് പരാതി നല്‍കിയത്. ഹനുമാന്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചെന്നാണ് ആരോപണം. തെളിവായി പുരാവസ്തുഗവേഷകനും ബ്രിട്ടീഷ് ചരിത്രകാരനുമായ ബി ലെവിസ് റൈസിനെ ഉദ്ധരിക്കുന്നു. 1935ലെ അദ്ദേഹത്തിന്റെ സര്‍വേ റിപോര്‍ട്ടിലെ പേജ് 61ല്‍ ഹനുമാന്‍ ക്ഷേത്രമായിരുന്നുവെന്ന് പറയുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.