ഹിന്ദുത്വരുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം; ജോധ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട പ്രകോപനം സംഘര്‍ഷത്തിലേക്ക് നീങ്ങി. സംഘര്‍ഷം അതിരുവിട്ടതോടെ ജില്ലാ ഭരണകൂടം ജോധ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.
ഈദ് ആഘോഷത്തിന്റെ പേരിലുണ്ടായ പൊതുചടങ്ങുകള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്ന് കരുതുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണി നീക്കം ചെയ്തതും സംഘര്‍ഷത്തിനു വഴിവച്ചു. നീക്കം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. സംഘര്‍ഷത്തിനിടയില്‍ കല്ലേറും നടന്നു.
Clash broke out between two groups a day before #Eid near Jalori Gate, #Jodhpur. pic.twitter.com/Sktpo72Uqo
— Nikhil Choudhary (@NikhilCh_) May 2, 2022
ജോധ്പൂരില്‍ നാല് പോലിസുകാര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ സ്വാധീനമേഖലയാണ് ജോധ്പൂര്‍. ജോധ്പൂരില്‍നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ജോധ്പൂരിന്റെ പാരമ്പര്യം നിലനിര്‍ത്തണമെന്നും സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയില്‍ ഹിന്ദു പുതുവല്‍സരാഘോഷത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യംവിളിയോടെ നടത്തിയ മോട്ടോര്‍ബൈക്ക് റാലിയെത്തുടര്‍ന്നാണ് രാജസ്ഥാനില്‍ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷം തുടങ്ങിയത്. കരൗളിയിലാണ് ഹിന്ദുത്വര്‍ മോട്ടോര്‍ സൈക്കില്‍ റാലി നടത്തിയത്.
ഹിന്ദുത്വരുടെ പ്രകോപന മുദ്രാവാക്യങ്ങള്‍ക്കെതിരേ മുസ് ലിംസമൂഹം പ്രതിഷേധിച്ചതായി സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു.
ജോധ്പൂരില്‍ മതപരമായ ഒരു പതാക ഉയര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുണ്ട്.
മുസ് ലിംസമൂഹത്തിന്റെ പൊതുഇടങ്ങളിലെ ഇടപെടലുകളില്‍ തര്‍ക്കമുണ്ടാക്കി പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതി വ്യാപകമാണ്.