ചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും

Update: 2022-03-25 13:18 GMT

തൃശൂര്‍: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയതലമുറയ്ക്ക് കഴിയണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാംസ്‌കാരിക കാര്യ വകുപ്പും സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും സംഘടിപ്പിച്ച ചരിത്രരേഖാ പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറവികള്‍ക്കെതിരെയുള്ള സര്‍ഗാത്മക സമരമാണ് ഓര്‍മ്മകള്‍. വര്‍ത്തമാന കാലത്തെ ശോഭനമാക്കാനാണ് ചരിത്രവിചാരങ്ങളും മനനവും പഠനവുമെങ്കില്‍ അത് രാജ്യത്തിനും സമൂഹത്തിനും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്‌കരണത്തിന്റെ ഉജ്ജ്വലമായ ഒരു ഏട് എന്ന നിലയില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലൂടെയുള്ള നടവഴികളില്‍കൂടി പിന്നോക്ക അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് അനുവാദം നിഷേധിച്ചതിനെതിരെ ഈ വിഭാഗം നടത്തിയ സമരത്തിന്റെ ഭൂമിക എന്ന നിലയിലാണ് കേരള പുരാരേഖാ വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പരിഷ്‌കരണത്തിന് വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രത്തില്‍ ഇടമുളള മണ്ണെന്ന നിലയില്‍ ഇരിങ്ങാലക്കുടയെ ഇത്തരം ഒരു പരിപാടിക്ക് തിരഞ്ഞെടുത്തതിനെ മന്ത്രി അഭിനന്ദിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുപത്തി അഞ്ച് കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി നടത്തിയ വിവിധ സമരങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 1946 ലെ കുട്ടംകുളം വഴി നടക്കല്‍ സമരവുമായി ബന്ധപ്പെട്ട പുരാരേഖാ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നിലുള്ള വഴിയില്‍ കൂടി പിന്നോക്കക്കാര്‍ക്ക് നടക്കുവാനുള്ള അവകാശം നിഷേധിച്ചതിനെതിരെ അന്നത്തെ അവര്‍ണ വിഭാഗങ്ങള്‍ സംഘടിച്ച് സമരം ചെയ്തതിന്റെ ഓര്‍മ്മകളാണ് ഈ സമരം. ക്ഷേത്രപ്രവേശന വിളംബരം നടപ്പിലാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ണര്‍ക്ക് വഴി നടക്കാന്‍ പാടില്ലെന്ന അവസ്ഥ നിലനിന്നിരുന്ന ഈ റോഡിലൂടെ നടക്കുവാനുള്ള അവകാശത്തിനായി പിന്നോക്ക വിഭാഗം സംഘടിച്ച് സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളും ചരിത്ര സംഭവങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനായാണ് പുരാരേഖാ വകുപ്പ് സെമിനാറും ചരിത്രരേഖാ പ്രദര്‍ശനവും സംഘടിപ്പിച്ചത്.

സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശ പ്രക്ഷോഭവും എന്നതില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ വി കാര്‍ത്തികേയന്‍ നായര്‍ വിഷയാവതരണം നടത്തി. മധ്യ കേരളത്തിലെ വഴി നടക്കല്‍ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫ. പി ശിവദാസന്‍ വിഷയം അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസം, ടൂറിസം പുരാവസ്തു അഡീഷ്ണല്‍ ചീഫ് സെക്രട്ടറി വേണു വി, സംസ്ഥാന പുരാവസ്തു ഡയറക്ടര്‍ ഇ ദിനേശന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ ജെ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍, ഗവ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിതി എം കെ, ആര്‍ക്കൈവ്‌സ് വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News