തിരുവനന്തപുരം: ജാതി സെന്‍സസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ രാജരത്‌ന അംബേദ്കര്‍ നേതൃത്വം നല്‍കുന്ന സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ (ഭരണഘടനാ സംരക്ഷണ സമിതി) കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും ടേബിള്‍ ടോക്കും 14 ന് കൊല്ലത്ത് നടക്കുമെന്ന് കണ്‍വീനര്‍ തുളസീധരന്‍ പള്ളിക്കല്‍. കൊല്ലം ആശ്രമം കെഎസ്എസ്‌ഐഎ (കേരളാ സ്‌റ്റേറ്റ് സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍) ഹാളില്‍ നടക്കുന്ന പരിപാടി റിട്ട. അസി. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എസ് കെ വിശ്വാസ് ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് നമ്മുടെ ഭരണഘടനാ ശില്‍പ്പികളും രാഷ്ട്രതന്ത്രജ്ഞരും വിഭാവനം ചെയ്ത സാമൂഹിക നീതി കൈവരിക്കാനായിട്ടില്ല. അധികാരത്തിലും അവസരങ്ങളിലും വിഭവങ്ങളുടെ വിതരണത്തിലും സമ്പൂര്‍ണമായ അസമത്വം കൊടികുത്തിവാഴുകയാണ്. എല്ലാം വരേണ്യ ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സാമൂഹിക അസമത്വം കൃത്യമായി കണക്കാക്കി ക്രിയാല്‍മകവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിന് സാമ്പത്തികമായും തൊഴില്‍പരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്ത് ആദ്യമായി ജാതി സെന്‍സസ് നടപ്പാക്കിയ ബിഹാറില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും തുളസീധരന്‍ പള്ളിക്കല്‍ ചൂണ്ടിക്കാട്ടി. കൊല്ലത്ത് നടക്കുന്ന സെമിനാറിലും ടേബിള്‍ ടോക്കിലും സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.