കെ എന്‍ നവാസ് അലി
ഒരു ജനാധിപത്യ സര്‍ക്കാരില്‍നിന്ന് ഒരുകാലത്തും ജനം ആഗ്രഹിക്കാത്ത പ്രവര്‍ത്തനങ്ങളാണ് ഹിന്ദുത്വവല്‍ക്കരണം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ബിജെപി ഗവണ്‍മെന്റില്‍ നിന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തെയും കുഴിച്ചുമൂടി മതാധിപത്യത്തിലുള്ള ഒരു ഹിന്ദുരാഷ്ട്ര നിര്‍മിതിയിലേക്കുള്ള കഠിന പ്രയത്‌നത്തിലാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഹിന്ദുത്വ സര്‍ക്കാര്‍.
2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഇങ്ങോട്ട് ഭക്ഷണ സ്വാതന്ത്ര്യത്തിലും വസ്ത്രസ്വാതന്ത്ര്യത്തിലും വരെ വിഭാഗീയത പടര്‍ത്തിയത് നാം കണ്ടതാണ്. തങ്ങള്‍ സ്വപ്നം കാണുന്ന ഒരു ഇന്ത്യക്ക് അനുയോജ്യമല്ലാത്തതിനാലാവണം, ഇന്ത്യയുടെ ചരിത്രത്തിലും ചരിത്ര സ്മാരകങ്ങളിലും വരെ കത്തിവച്ചു തുടങ്ങിയത്. ഇന്ത്യാ രാജ്യത്തിന്റെ അടയാളപ്പെടുത്തലുകളില്‍ തങ്ങളുടേതായി ഒന്നും അവകാശപ്പെടാനില്ലാത്തവര്‍ക്ക് സമര സ്മാരകങ്ങളും ചരിത്ര ശേഷിപ്പുകളും സമാധാനം കെടുത്തുന്നതായി തോന്നുക സ്വാഭാവികം.
ഇന്ത്യാ ചരിത്രത്തെ ഹിന്ദുപുരാണങ്ങള്‍ക്കൊത്ത് തിരുത്തുകയോ സാധ്യമാവാത്തവ പിഴുതെറിയുകയോ ചെയ്യുന്ന ലീലാവിലാസമാണ് വര്‍ത്തമാന ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുഗള്‍ഭരണകാല സംഭാവനകളും സ്വാതന്ത്ര്യസമര ശേഷിപ്പുകളും എടുത്തുമാറ്റി പുനസ്ഥാപിക്കുന്നതില്‍ ഏറെയും മുഗള്‍ ഭരണാധികാരികളോട് ചെറുത്തുനിന്ന രാജാക്കന്മാരെയോ അവരുടെ അടയാളങ്ങളോ ആണെന്നതു യാദൃച്ഛികമാവില്ല. സംഘപരിവാരത്തിനെ അലോസരപ്പെടുത്തുന്ന ചരിത്രസത്യങ്ങളെയും സ്മാരകങ്ങളെയും ശേഷിപ്പുകളെയും കുഴിച്ചുമൂടുകയാണ് സര്‍ക്കാരിന്റെ പ്രധാന പദ്ധതി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമര്‍ ജവാന്‍ ജ്യോതിക്കും 'അബൈഡ് വിത്ത് മി' എന്ന മഹാത്മാഗാന്ധിയുടെ പ്രിയ ഗാനത്തിനും എതിരായ നീക്കം.
രാജ്യത്തിനായി വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണയ്ക്ക് 1972ലെ റിപബ്ലിക് ദിനത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ച അമര്‍ ജവാന്‍ ജ്യോതി അഞ്ചു പതിറ്റാണ്ടായി അണയാതെ ജ്വലിച്ചുനിന്ന ഒരു മഹാ സ്മാരകമായിരുന്നു. കറുത്ത മാര്‍ബിളിലാണ് ഈ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. മാര്‍ബിള്‍ പീഠത്തിനു മുകളില്‍ നടുവിലായി ഒരു റൈഫിള്‍ തലകീഴായി കുത്തിനിര്‍ത്തിയിരിക്കുന്നു. റൈഫിളിനു മുകളില്‍ ഒരു ആര്‍മി ഹെല്‍മറ്റും കാണാം. സ്മാരകത്തിന്റെ നാലു വശങ്ങളിലുമായി നാലു ദീപങ്ങള്‍ കത്തിനില്‍ക്കുന്നുണ്ട്. ഇതാണ് അമര്‍ ജവാന്‍ ജ്യോതി സ്മാരകത്തിന്റെ രൂപം. 1972 മുതല്‍ എല്ലാ റിപബ്ലിക് ദിനത്തിലും ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇവിടെ ധീരജവാന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുപോരുന്നുണ്ട്. ഏഴര പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്വതന്ത്ര ഇന്ത്യയുടെ സിംഹാസനത്തിലിരുന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഇത്തരം ചരിത്ര സ്മാരകങ്ങള്‍ തങ്ങളെ നോക്കി പല്ലിളിക്കുന്നതായി തോന്നുക സ്വാഭാവികം. തങ്ങളുടേതായി യാതൊന്നും ഈ രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നു ബോധ്യപ്പെടുന്ന സ്ഥിതിക്ക് അങ്ങനെ ചിലത് നിര്‍മിച്ചെടുക്കേണ്ടതായിവരും. ചില സ്മാരകങ്ങളെങ്കിലും നിര്‍മിച്ചത് തങ്ങളാണെന്നു സ്ഥാപിക്കേണ്ടി വരും. അതിന് പേര് മാറ്റലും ചരിത്രം വളച്ചൊടിക്കലും അസംതൃപ്തി തോന്നുന്നവ പിഴുതെറിയലുമൊക്കെ തന്നെയേ മാര്‍ഗമുള്ളൂ.
അമര്‍ ജവാന്‍ ജ്യോതി ഇന്ത്യാ ഗേറ്റില്‍ നിന്നു ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റി സ്ഥാപിച്ചതും ഈ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇന്ത്യാ ഗേറ്റ് പരിസരത്തെ പ്രിന്‍സസ് പാര്‍ക്കില്‍ 40 ഏക്കര്‍ സ്ഥലത്ത് 2019ല്‍ നരേന്ദ്രമോദിയാണ് ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചത്. മുമ്പു റിപബ്ലിക് ദിനം ഉള്‍പ്പെടെയുള്ള ഏതു സൈനിക ചടങ്ങുകള്‍ക്കും ദീപം തെളിയിച്ചിരുന്നത് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലായിരുന്നു. എന്നാല്‍, 2019 മുതല്‍ പല ചടങ്ങുകളും ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറിയിരുന്നു. ഇപ്പോള്‍ അമര്‍ ജവാന്‍ ജ്യോതിയും മോദി നിര്‍മിതിയുടെ ഭാഗമാക്കി ചരിത്രരചന നിര്‍വഹിക്കാനുള്ള ഗൂഢശ്രമമാണ്.
ഇന്ദിരാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും മാത്രമല്ല, മഹാത്മാഗാന്ധിയുടെ ശേഷിപ്പ് പോലും അവശേഷിക്കാത്ത ഒരു രാഷ്ട്രത്തിന്റെ നിര്‍മിതിക്കായാണ് ബിജെപി കൈയിലുള്ള അധികാരം ഉപയോഗപ്പെടുത്തുന്നത്. മഹാത്മാഗാന്ധിക്കു നേരെ നാഥുറാം വിനായക് ഗോഡ്‌സെ ഉയര്‍ത്തിയ തോക്ക് ഇപ്പോഴും നിലത്തുവച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമായിരുന്നു ഹിന്ദുമഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്‌ഡെ എന്ന സന്ന്യാസിനിയുടെ നേതൃത്വത്തില്‍ 2019ലെ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിക്കുകയും ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചു മധുരം വിതരണം ചെയ്തതും. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിക്കുന്ന നാളില്‍ ഉത്തര്‍പ്രദേശിലെ അലിഗഡ് മേഖലയില്‍പ്പെട്ട നൗറംഗാബാദില്‍ ഗോഡ്‌സെയുടെ പേരില്‍ ഹിന്ദുമഹാസഭ പരിപാടി സംഘടിപ്പിച്ചതും കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തകളായിരുന്നു. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന്‍ ദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നുമുണ്ട്. 2018ല്‍ തൃശൂരില്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഗോഡ്‌സെയുടെ ചരമദിനം രഹസ്യമായി ആചരിച്ചുവെന്നും സംസ്ഥാന നേതാക്കള്‍ വരെ പങ്കെടുത്തുവെന്നും നവംബര്‍ 16ലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയുടെ ഇത്തരം നിലപാടുകളോട് ചേര്‍ത്തുവേണം ബീറ്റിങ് റിട്രീറ്റില്‍ നിന്നു ഗാന്ധിയുടെ പ്രിയപ്പെട്ട ഗാനമായ 'അബൈഡ് വിത്ത് മീ' ഒഴിവാക്കിയതിനെ വായിക്കേണ്ടത്. റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ അവസാനിക്കുന്നതിന്റെ സൂചനയായിട്ടാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ ഒരിഷ്ടം പോലും അവശേഷിക്കരുതെന്നു ഗാന്ധി ഘാതകര്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇതു ബോധ്യപ്പെടുത്തുന്നത്.
ബ്രിട്ടിഷ് ക്രൂരതയുടെ ചരിത്രശേഷിപ്പായിരുന്ന ജാലിയന്‍വാലാബാഗ് സ്മാരകം വെടിവയ്പിന്റെ ഒരു അടയാളവും അവശേഷിക്കാത്തവിധം നവീകരിച്ച് ഒരു പാര്‍ക്കാക്കി രാജ്യത്തിനു സമര്‍പ്പിച്ചത് ഈ കഴിഞ്ഞ ഏപ്രിലിലായിരുന്നു. മുന്‍കാലങ്ങളില്‍ പലതവണ നവീകരണത്തിനു വിധേയമായപ്പോഴും ജാലിയന്‍വാലാബാഗിലേക്കു ജനറല്‍ ഡയറിന്റെ സൈന്യം കടന്നുവന്ന ആ ഇടുങ്ങിയ പാത 100 വര്‍ഷങ്ങള്‍ക്കിപ്പുറവും അങ്ങനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ആ ദിവസത്തിന്റെ ഭീകരത അവശേഷിക്കുന്നതായിരുന്നു ആ ഇടുങ്ങിയ പാതയിലെ അടയാളപ്പെടുത്തലുകള്‍. വെടിയുണ്ടകള്‍ തുളച്ചുകയറിയ പാടുകളുണ്ടായിരുന്ന ആ പാത യാതൊരു തെളിവും അവശേഷിക്കാത്ത തരത്തില്‍ നരേന്ദ്രമോദി ചുവര്‍ചിത്രങ്ങള്‍ പതിച്ചു വെറും ഒരു ഗാലറിയാക്കി മാറ്റി. പുനര്‍നിര്‍മാണം ചരിത്രത്തെ മായ്ക്കാനുള്ള ശ്രമമാണെന്ന തരത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇതു കാരണമായിരുന്നു.
ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞ ദിവസം നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ നാം വിശകലനവിധേയമാക്കേണ്ടത്. മുന്‍കഴിഞ്ഞ ഭരണാധികാരികള്‍ ചെയ്തുവച്ച തെറ്റുകളെ ബിജെപി തിരുത്തിക്കൊണ്ടിരിക്കുകയാണത്രേ. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും പുതിയ ഒരു ഇന്ത്യയെ നിര്‍മിക്കാനാണ് ബിജെപിയുടെ ശ്രമം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ചിത്രം അനാച്ഛാദനം ചെയ്തു നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇങ്ങനെ സംസാരിച്ചത്. മോദി 'തിരുത്തിയ തെറ്റുകള്‍' ഏതൊക്കെയെന്നു നിരീക്ഷിച്ചാല്‍ മാത്രം മതി കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു മനസ്സിലാക്കാന്‍. ഇന്ത്യയുടെ ചരിത്ര പാഠപുസ്തകങ്ങളെ തിരുത്തിയെഴുതി വിദ്യാഭ്യാസത്തെ പോലും കാവിവല്‍ക്കരിക്കാനുള്ള ശ്രമം 2014ല്‍ തന്നെ തുടങ്ങിയതാണ്. രാജസ്ഥാനിലെ വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനു കീഴില്‍ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്റെ 10,12 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മോദി ഭരണത്തിന്റെ ആദ്യകാലത്ത് പരിഷ്‌കരിച്ചത് ഏറെ വിവാദമായിരുന്നു. പാഠപുസ്തകത്തില്‍ നിന്നു ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും ഒഴിവാക്കി സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്ന ചരിത്രം നിര്‍മിക്കുകയായിരുന്നു ചെയ്തത്. പാഠപുസ്തകങ്ങളിലെ ചരിത്രവസ്തുതകളില്‍ പുനപ്പരിശോധനയ്ക്കു തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍ ഒരു വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതിയെ ചുമതലപ്പെടുത്തിയത് അടുത്ത കാലത്താണ്.
രാജസ്ഥാന്‍ സര്‍വകലാശാലയുടെ പിജി ചരിത്ര പുസ്തകത്തില്‍ 1576ല്‍ അക്ബറും മഹാറാണ പ്രതാപും തമ്മില്‍ നടന്ന ഹാല്‍ദിഗട്ടി യുദ്ധത്തെ വളച്ചൊടിച്ചു ഹിന്ദു-മുസ്‌ലിം മുഖം നല്‍കി. ഹാല്‍ദിഗട്ടി യുദ്ധത്തില്‍ അക്ബറാണ് വിജയം നേടിയത്. എന്നാല്‍, പുസ്തകത്തില്‍ മഹാറാണ പ്രതാപ് ആണെന്നു രേഖപ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
താജ്മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിങ് രംഗത്തുവന്നിരുന്നതും ഈ അജണ്ടയുടെ ഭാഗം തന്നെയാണ്. താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏതെങ്കിലും സ്ഥലത്തിന്റെയോ റോഡുകളുടെയോ പേരില്‍പോലും സംഘപരിവാരത്തിനെ ഉറക്കം കെടുത്തുന്ന ഓര്‍മകള്‍ അവശേഷിക്കാതിരിക്കാന്‍ കഠിന പ്രയത്‌നം നടക്കുന്നുണ്ട്. യുപിയിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പേര് അയോധ്യാ കാണ്ഡെന്നും ഝാന്‍സി റാണി റെയില്‍വേ സ്‌റ്റേഷന്റെ പേര് വീരാന്‍ഗണ റാണി ലക്ഷ്മി ഭായി എന്നും മാറ്റിയിരുന്നു. 2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നും അലഹബാദിന്റെ പേര് പ്രയാഗ്‌രാജെന്നും മുഗള്‍സറായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന്‍ എന്നും മാറ്റിയിരുന്നു. മുസ്‌ലിം പേരുള്ള എല്ലാ ഗ്രാമങ്ങളുടെയും പേര് മാറ്റണമെന്നാണ് രാജസ്ഥാനിലെ വസുന്ധരരാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡുകള്‍ക്ക് കര്‍സേവകരുടെ പേരുകള്‍ നല്‍കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ജൂലൈയിലായിരുന്നു. ഈ ഉത്തരവ് പല ചരിത്രപുരുഷന്മാരുടെയും ചരിത്രസംഭവങ്ങളുടെയും സ്മരണകളെ തമസ്‌കരിക്കാനുള്ള ലൈസന്‍സാണെന്നു പറയേണ്ടതില്ലല്ലോ.
ഖരക്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിച്ച 2022ലെ കലണ്ടര്‍ ഇത്തരം വ്യാജ പുനര്‍ നിര്‍മിതികളുടെ പുതിയ ചില ശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുന്നതാണ്. ആര്യന്‍ അധിനിവേശ സിദ്ധാന്തം തെറ്റായിരുന്നുവെന്ന അവകാശവാദമാണ് കലണ്ടര്‍ വ്യാജ തെളിവുകള്‍ നിരത്തി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ആര്യന്‍മാര്‍ മധ്യേഷ്യയില്‍ നിന്നു കുടിയേറിവന്നവരാണ് എന്നവാദം തെറ്റാണെന്നു തെളിയിക്കാനാണ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശ്രമിക്കുന്നത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും വൈദേശികരാണ് എന്നുപറഞ്ഞ് അസംതൃപ്തി പടര്‍ത്തുന്നവര്‍ക്ക് ആര്യന്മാര്‍ തദ്ദേശീയരാണെന്നു സ്ഥാപിക്കല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്. അങ്ങനെ സ്ഥാപിച്ചെടുത്താല്‍ മാത്രമാണ് തങ്ങളുടെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ എന്ന തിരിച്ചറിവാണ് ഇത്തരം വ്യാജ പുനര്‍നിര്‍മിതികള്‍ക്കും തമസ്‌കരണത്തിനും പ്രേരിപ്പിക്കുന്നത്.
(തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)