പ്രവാസികള്‍ക്ക് നിബന്ധനകളോടെ ഹോം ക്വാറന്റീന്‍ അനുവദിക്കും

ഹോം ക്വാറന്റീന്‍ സ്വീകരിക്കാന്‍ താല്‍പര്യമുളള പ്രവാസികള്‍ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ഇ-മെയിലായി അപേക്ഷ സമര്‍പ്പിക്കണം.

Update: 2020-06-06 12:18 GMT

കല്‍പ്പറ്റ: തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്റീന്‍ സൗകര്യം നല്‍കുന്നതിന് നിബന്ധനകളോടെജില്ലാഭരണകൂടം അനുമതി നല്‍കി. ഹോം ക്വാറന്റീന്‍ സ്വീകരിക്കാന്‍ താല്‍പര്യമുളള പ്രവാസികള്‍ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ഇ-മെയിലായി അപേക്ഷ സമര്‍പ്പിക്കണം. സെക്രട്ടറിയോ ചുമതപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകന്റെ താമസസ്ഥലം പരിശോധിച്ച് നിരീക്ഷണത്തിന് അനുയോജ്യമെന്ന് സാക്ഷ്യപത്രം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് നോഡല്‍ ഓഫീസര്‍ താമസസ്ഥലത്ത് ക്വാറന്റീന്‍ അനുവദിക്കുക. സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് അപേക്ഷകനും നല്‍കും.

വീട് പൂര്‍ണമായോ ഭാഗികമായോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനായി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് പ്രഖ്യാപിക്കാം. ഇവിടെ പ്രവാസിയല്ലാതെ മറ്റാരും പ്രവേശിക്കാന്‍ പാടില്ല. ക്വാറന്റീനായി നിശ്ചയിച്ച കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ 'ഒരാള്‍ നാടിനായി നിരീക്ഷണത്തിന് ഇരിക്കുകയാണ്' എന്ന തിയ്യതി അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിക്കണം. തദ്ദേശ സ്ഥാപനം സാക്ഷ്യപത്രം അനുവദിച്ച പ്രകാരം ഹോം ക്വാറന്റീന്‍ സ്വീകരിച്ച പ്രവാസികള്‍ സീപോര്‍ട്ട് / എയര്‍പോര്‍ട്ടില്‍ നിന്നും സ്വന്തം നിലയില്‍ വീട്ടിലേക്ക് യാത്ര ചെയ്യണം. ഹോം ക്വാറന്റീനില്‍ പ്രവേശിച്ച ഉടനെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം. പ്രവാസികളുടെ ആരോഗ്യനില എല്ലാ ദിവസവും ആരോഗ്യ വകുപ്പ് വിലയിരുത്തും.

ഹോം ക്വാറന്റീന്‍ സ്വീകരിച്ച വ്യക്തിയും കെട്ടിടത്തില്‍ മറ്റാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ അവരും ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുളള നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണം. അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയവര്‍ക്കും ഉത്തരവ് ബാധകമാക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

Tags:    

Similar News