'ഹോപ് ഷോട്ട്' : ഇതാണ് കിലോഗ്രാമിന് ലക്ഷം രൂപ വിലയുള്ള പച്ചക്കറി
ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പച്ചക്കറിയിനം ആണ് ഇത്. ഹോപ് ഷോട്ടിന്റെ സവിശേഷതകളാണ് ഇതിനെ വ്യത്യസ്തമാകുന്നത്.
ന്യൂഡല്‍ഹി: പച്ചക്കറിയുടെ വിലപ്പെരുപ്പമാണ് പ്രശ്‌നമെങ്കില്‍ 'ഹോപ് ഷോട്ട്' (humulus-lupulus) എന്നയിനം പച്ചക്കറിയെ കുറിച്ച് കേള്‍ക്കാതിരിക്കുയാകും നല്ലത്. ഒരു കിലോ ഹോപ് ഷോട്ട് വാങ്ങണമെങ്കില്‍ ലക്ഷം രൂപയെങ്കിലും കൈയിലുണ്ടാവണം. വെറുതെ പറയുന്നതല്ല, ബീഹാറിലെ ഒരു യുവകര്‍ഷകന്‍ കൃഷി ചെയ്ത ഹോപ് ഷോട്ട് വില്‍പ്പന നടത്തുന്നത് ലക്ഷം രൂപ വിലയിട്ടാണ്. എന്നിട്ടും ഇത് വിറ്റുപോകുന്നുണ്ട്.
ഇന്ത്യയില്‍ ബിഹാറില്‍ മാത്രമാണ് ഹോപ് ഷോട്ട് കൃഷി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പച്ചക്കറിയിനം ആണ് ഇത്. ഹോപ് ഷോട്ടിന്റെ സവിശേഷതകളാണ് ഇതിനെ വ്യത്യസ്തമാകുന്നത്. പഠനമനുസരിച്ച്, ചെടിയുടെ ഓരോ ഭാഗത്തിനും പ്രത്യേക ഉപയോഗങ്ങളാണ് ഉള്ളത്. ക്ഷയരോഗം ഭേദമാക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമാണ് ഹോപ് ഷോട്ട് എന്ന് പറയപ്പെടുന്നു. ഇതില്‍ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകള്‍ സുന്ദരമായ ചര്‍മ്മം നല്‍കും. ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിഷാദം എന്നിവക്കുള്ള മികച്ച പരിഹാരം കൂടിയാണ് ഈ പച്ചക്കറി.
ബിഹാറിലെ കര്‍ഷകനായ അമ്രേഷ് സിങ് വിളയിച്ച ഹോപ് ഷോട്ട് ലക്ഷം രൂപ വിലയിട്ടാണ് വില്‍പ്പന നടത്തുന്നത്. ഔറംഗബാദ് ജില്ലയിലെ കരംനിദ് ഗ്രാമത്തിലാണ് അമ്രേഷ് സിങിന്റെ കൃഷിയിടം. വാരണാസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ജനപ്രിയ പച്ചക്കറിയാണ് ഹോപ് ഷോട്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കണ്ടെത്തിയ ഹോപ്‌ഷോട്ട് മനുഷ്യ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് ഫലപ്രദമാണെന്നും വിശ്വസിക്കപ്പെടുന്നു. ഇതിലെ ഹുമുലോണ്‍സ്, ലുപുലോണ്‍സ് എന്ന ആസിഡ് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതുമാണ്. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, ജര്‍മ്മനി, എന്നിവിടങ്ങളില്‍ ഹോപ് ഷോട്ട് കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍, ഹിമാചല്‍ പ്രദേശില്‍ നേരത്തെ ഇത് കൃഷി ചെയ്തിരുന്നുവെങ്കിലും ഉയര്‍ന്ന വില കാരണം വില്‍പ്പന നടന്നില്ല.
വളരെ കുറച്ചു വിളവു മാത്രമാണ് ഒരു ചെടിയില്‍ നിന്നും ലഭിക്കുക. നൂറുകണക്കിന് ചെടിയില്‍ നിന്നുള്ള വിള ശേഖരിച്ചാല്‍ മാത്രമാണ് ഒരു കിലോഗ്രാം വിളവ് ലഭിക്കാറുള്ളത്. കൃഷിയുടെ പരിപാലനച്ചിലവും വിളവിലെ കുറവുമാണ് ഹോപ് ഷോട്ടിന്റെ വിപണിവില വര്‍ധിപ്പിക്കുന്നത്.