തിരുവനന്തപുരം: ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിമയസഭ വളപ്പിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. 2010 നാടൻ കർഷ ചന്തകൾ നടപ്പിലാക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനു പുറമേയാണ് ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറി വിൽപ്പന സ്റ്റോർ.
സെപ്റ്റംബർ ഒന്ന് മുതൽ ഏഴുവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്റ്റോറുകളെത്തും.രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് സ്റ്റോറുകളുടെ പ്രവർത്തണം. ഉത്സവ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ കർഷകൂട്ടായ്മകൾ, കർഷകർ എന്നിവർ ഉത്പാദിപ്പിക്കുന്ന വിളകളും പൊതുമേഖല സ്ഥാപനങ്ങളിൽ നിർമിക്കുന്ന ഉത്പന്നങ്ങളും പരമാവധി ശേഖരിച്ചാണ് ഹോർട്ടി സ്റ്റോർ വാഹനങ്ങൾ എത്തുന്നത്. സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ പുറമെനിന്ന് സംഭരിച്ചെത്തിച്ചിട്ടുണ്ട്.
പച്ചക്കറി സ്റ്റോർ ഏതൊക്കെ സമയത്ത് എവിടെയൊക്കെ എത്തുമെന്നുള്ള വിവരം വരും ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയ പേജുകളിലൂടെ പൊതുജനത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.