ഓണം: യാത്രാക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം-റോയ് അറയ്ക്കല്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് നാട്ടിലേക്കും തിരികെയുമുള്ള യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠനം നടത്തുന്നവര്‍ക്കും ഓണാഘോഷത്തിന് കുടുംബത്തോടൊപ്പം ചേരാന്‍ കഴിയാത്ത വിധം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഈ അവസരം മുതലാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. തിരുവനന്തപുരം-ബെംഗളുരു റൂട്ടില്‍ 1000 രൂപ മുതല്‍ 2500 രൂപവരെയായിരുന്നത് ഓണ സമയത്ത് 2300 മുതല്‍ 4000 വരെയാണ് സ്വകാര്യ ബസ്സുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി-ബെംഗളുരു റൂട്ടിലും ഇരട്ടിയോളമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിമാന യാത്രാ നിരക്ക് ആഗസ്ത് മാസത്തെ അപേക്ഷിച്ച് ആയിരം രൂപയിലധികമാണ് സപ്തംബര്‍ മാസത്തേക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പല ട്രെയിനുകളിലും വെയ്റ്റ് ലിസ്റ്റ് 250നു മുകളിലാണ്. ഓണാവധി തുടങ്ങുന്ന സപ്തംബര്‍ 13ന് ബെംഗളുരുവില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റില്‍ വെയ്റ്റ് ലിസ്റ്റില്‍ പോലും ടിക്കറ്റ് ലഭ്യമല്ല. യാത്രാ ക്ലേശം പരിഹരിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അതോടൊപ്പം കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ഇതിനെല്ലാമുപരി സീസണ്‍ നോക്കി സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.