മെഡിക്കല്‍ കോളജില്‍ 90 ശതമാനം പരിശോധനകളും കാലഹരണപ്പെട്ട മെഷീനുകളില്‍; അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍
മാനദണ്ഡങ്ങള്‍ പാലിക്കാതെ മെഷീനുകള്‍ വാങ്ങി കൂട്ടി. ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായി തീര്‍ന്നിരിക്കുകയാണ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ 90 ശതമാനം പരിശോധനകളും നടക്കുന്നത് കാലഹരണപ്പെട്ട മെഷീനുകളിലാണെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്ഡിഎസ് ലബോറട്ടറിയില്‍ ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും കാലാവധി കഴിഞ്ഞതാണെന്നും പരാതിയുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറകടര്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഗുരുതര അനാസ്ഥ വെളിപ്പെടുത്തുന്ന ലാബ് ജീവനക്കാരുടെ ശബ്ദ സന്ദേശമാണ് പുറത്തായത്. മെഷീനില്‍ ലോഡ് ചെയ്യുന്ന 30 പരിശോധനാ കിറ്റുകളില്‍ 25 എണ്ണവും കാലാവധി കഴിഞ്ഞതാണെന്നാണ് വെളിപ്പെടുത്തല്‍. 25000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഓരോ പരിശോധനാ കിറ്റുകളുടെയും വില. മലേറിയ പോലുള്ള രോഗങ്ങളുടെ പരിശോധനാ കിറ്റുകളുടെ കാലാവധി കഴിഞ്ഞതായും പരാതിയുണ്ട്. 3 മെഷീനുകളുടെ ഉപയോഗ കാലാവധി കഴിഞ്ഞിട്ടും മാറ്റിയിട്ടില്ല. 2011ല്‍ സ്ഥാപിക്കുകയും 2016 ല്‍ ഉപയോഗ കാലാവധി അവസാനിക്കുകയും ചെയ്ത രണ്ട് ബയോ കെമിക്കല്‍ അനലൈസറും ഒരു ഹോര്‍മോണ്‍ അനലൈസറും മാറ്റിയിട്ടില്ല. എ.സി.ആര്‍ ലാബില്‍ നിന്നും കാലപഴക്കം കാരണം ഒഴിവാക്കിയ ഇന്റഗ്രേറ്റഡ് അനലൈസര്‍ എച്ച്ഡിഎസ് ലാബില്‍ സ്ഥാപിച്ചു. പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മെഷീനുകള്‍ വാങ്ങി കൂട്ടിയതെന്നും പരാതിയില്‍ പറയുന്നു. 90 ശതമാനം പരിശോധനകളും നടക്കുന്നത് കാലഹരണപ്പെട്ട മെഷീനുകളിലാണെന്നാണ് പരാതി.
പ്രതിദിനം രണ്ടായിരത്തോളം സാമ്പിളുകള്‍ എത്തുന്ന ലാബില്‍ ഉപയോഗിച്ചു വരുന്ന കാലാവധി കഴിഞ്ഞ മെഷീനുകള്‍ പരിശോധനയിലെ കൃത്യതയെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്. പാവപ്പെട്ട രോഗികളെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.