ഐസിഐസിഐ വായ്പാ തട്ടിപ്പ്; മുന്‍ എംഡി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍

Update: 2022-12-24 04:59 GMT

ന്യൂഡല്‍ഹി: ഐസിഐസിഐ മേധാവി ആയിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് ക്രമം വിട്ട് വായ്പ അനുവദിച്ച കേസില്‍ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. 2012ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങള്‍ക്കുശേഷം കമ്പനിയുടെ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു. 59കാരിയായ ചന്ദ കൊച്ചാര്‍ വിഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.

സംഭവത്തില്‍ 2019ല്‍ ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂത്, അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷനല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേര്‍ത്ത് സിബിഐ കേസെടുത്തു. 2019-2011 കാലഘട്ടത്തില്‍ ചന്ദ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും 1,875 രൂപ ക്രമരഹിതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്. വീഡിയോകോണ്‍ ഗ്രൂപ്പിന് പുറമേ, ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രിം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷനല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും വായ്പ അനുവദിച്ചു.

ഐസിഐസിഐ ബാങ്ക് പോളിസികള്‍ക്കും ബാങ്കിങ് നിയമങ്ങളും പാലിക്കാതെയായിരുന്നു ലോണുകള്‍ നല്‍കിയത്. ഈ സമയത്ത് ഐസിഐസിഐ ബാങ്ക് മേധാവിയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദ കൊച്ചാര്‍. ലോണ്‍ അനുവദിക്കുന്ന കമ്മിറ്റിയിലും ചന്ദ കൊച്ചാര്‍ ഭാഗമായിരുന്നു. 2019 ലാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനു പിന്നാലെ ദീപക് കൊച്ചാറിനെ ഇഡി അറസ്റ്റ് ചെയ്തു. പിന്നീട് ദീപക് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരേ ചുമത്തിയത്.

Tags:    

Similar News