ഏപ്രില്‍ 8ാം തിയ്യതിയോടെ 7 ലക്ഷം കൊവിഡ് പരിശോനാ കിറ്റുകള്‍ തയ്യാറാക്കും
ഐസിഎംആര്‍ ഘട്ടം ഘട്ടമായാണ് ടെസ്റ്റിങ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 5 ലക്ഷം കിറ്റുകള്‍ ലഭ്യമാക്കും.
ന്യൂഡല്‍ഹി: ഏപ്രില്‍ എട്ടാം തിയ്യതിയോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) 7 ലക്ഷം റാപിഡ് ആന്റിബോഡി പരിശോധനാ കിറ്റുകള്‍ സജ്ജമാക്കും. രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാവുന്നതോടെ കൊറോണ ടെസ്റ്റ് വ്യാപകമാക്കാന്‍ സാധിക്കും.
ഐസിഎംആര്‍ ഘട്ടം ഘട്ടമായാണ് ടെസ്റ്റിങ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ 5 ലക്ഷം കിറ്റുകള്‍ ലഭ്യമാക്കും.
ഇന്നലെ ഞായറാഴ്ച മാത്രം 500 കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 27 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ചത് ഇന്നലെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ മാത്രം 13 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ 500ലേറെ കൊവിഡ് മരണങ്ങള്‍ ഉണ്ടാകുന്നത് ഇത് തുടര്‍ച്ചയായി നാലാമത്തെ ദിവസവും.
ഈ സാഹചര്യത്തിലാണ് കൊവിഡ് 19 സാംപിളുകളുടെ പരിശോധന വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) തീരുമാനിച്ചത്. മൂന്നു ദിവസത്തിലൊരിക്കല്‍ ഇരട്ടിയാക്കാനാണ് ആലോചന. ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരം ടെസ്റ്റുകള്‍ എന്നത് 20,000 ല്‍ എത്തിച്ച് പിന്നീട് കൂട്ടിക്കൂട്ടി കൊണ്ടുവരാനാണ് പദ്ധതി. കൊവിഡ് ബാധ ഗുരുതരമായി തുടരുകയും പലയിടങ്ങളിലും സാമൂഹ്യവ്യാപനം സംശയിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പരിശോധന വര്‍ധിപ്പിച്ച് രോഗപ്രസരണം കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്.