കൊവിഡ് ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലമില്ല; രണ്ട് ഡോസ് വാക്‌സിന് പ്രഥമ പരിഗണന: ഐസിഎംആര്‍

Update: 2021-09-17 02:35 GMT

ന്യൂഡല്‍ഹി: ലോകമെമ്പാടും കൊവിഡ് വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളെക്കുറിച്ച് ചര്‍ച്ചകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ നിലപാട് വ്യക്തമാക്കി ഐസിഎംആര്‍ രംഗത്ത്. രാജ്യത്ത് കൊവിഡ് വാക്‌സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ലെന്നും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വിദഗ്ധര്‍ അറിയിച്ചു. വാക്‌സിന്റെ മൂന്നാമത്തെ ഡോസ് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെ കുത്തിവയ്പ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ ചര്‍ച്ചകളിലൊന്നുമില്ല. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി സാര്‍വത്രിക കുത്തിവയ്പ്പാണ് വര്‍ഷാവസാനത്തോടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ വാക്‌സിനേഷനില്‍ വര്‍ധനവുണ്ടായിരുന്നിട്ടും ദൈനംദിന വൈക്‌സിനേഷന്‍ നിരക്കിന്റെ കാര്യത്തില്‍ പിന്നിലാണ്. 'ഭരണനിര്‍വഹണം' സംബന്ധിച്ച് സര്‍ക്കാരിന്റെ ശാസ്ത്രീയവും പൊതുജനാരോഗ്യസംരക്ഷണവുമായ ചര്‍ച്ചകളില്‍ ഒരു കേന്ദ്രവിഷയമായി ബൂസ്റ്റര്‍ ഡോസ് പരിഗണിക്കുന്നില്ല. രണ്ട് ഡോസെടുത്ത് പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്നതിലാണ് പ്രധാന മുന്‍ഗണന- ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസങ്ങള്‍ കഴിയുമ്പോള്‍ ശരീരത്തില്‍ ആന്റിബോഡിയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതായും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നും ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററിന്റെ പഠന റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വൈറസിനെതിരായ സംരക്ഷണം വര്‍ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഷോട്ട് എന്ന് വിളിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ ഷോട്ടിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോള്‍ ഇന്ത്യയ്ക്ക് മതിയായ ഡാറ്റയില്ല. ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അതിന് മാസങ്ങളെടുക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. യുഎസ് ഉള്‍പ്പെടെ പല സമ്പന്ന രാജ്യങ്ങളും ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന് ഐസിഎംആര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ മുതിര്‍ന്ന പൗരന്‍മാരില്‍ 20 ശതമാനം പേര്‍ക്കും രണ്ട് ഡോസ് കൊവിഡ് 19 വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും 62 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. കൂടാതെ 99 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 82 ശതമാനം യോഗ്യതയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാമത്തെ ഡോസ് എടുത്തിട്ടുണ്ട്.

100 ശതമാനം മുന്‍നിര തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് നല്‍കിയപ്പോള്‍ 78 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കിയതായും ഭൂഷണ്‍ പറഞ്ഞു. ഇതുവരെ സിക്കിം, ഹിമാചല്‍ പ്രദേശ്, ഗോവ, ചണ്ഡീഗഢ്, ലക്ഷദ്വീപ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഒരു മാസത്തില്‍ നല്‍കുന്ന ശരാശരി പ്രതിദിന ഡോസുകള്‍ മെയ് മാസത്തില്‍ 19.69 ലക്ഷത്തില്‍നിന്ന് ജൂണില്‍ 39.89 ലക്ഷമായി ഉയര്‍ന്നു. തുടര്‍ന്ന് ജൂലൈയില്‍ 43.41 ലക്ഷമായും ആഗസ്തില്‍ 59.19 ലക്ഷമായും ഉയര്‍ന്നു. സപ്തംബറിലെ ആദ്യ 15 ദിവസങ്ങളിലെ പ്രതിദിന വാക്‌സിനേഷന്‍ 74.40 ലക്ഷമായിരുന്നു- ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News