
കജനാപ്പാറ(ഇടുക്കി): അരമനപ്പാറ എസ്‌റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ എത്തിയ തൊഴിലാളികളാണു നായ്ക്കള്‍ കടിച്ചു വലിച്ച നിലയില്‍ ശരീരാവശിഷ്ടം കണ്ടെത്തിയത്. തൊഴിലാളികള്‍ ഉടനെ രാജാക്കാട് പോലിസിനെ വിവരമറിയിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്നു പോലിസ് കണ്ടെത്തി. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവര്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. ദമ്പതികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ശരീരാവശിഷ്ടങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.