രാഹുൽ ഗാന്ധി പ്രധാനമന്ത്രിപദം സ്വീകരിച്ചാൽ എന്തിന് എതിർക്കണം : സഞ്ജയ് റാവത്ത്
മുംബൈ: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിപദം സ്വീകരിച്ചാല്‍ എന്തിന് എതിര്‍ക്കണമെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്. ദേശീയ നേതാവാണെന്ന് ഒന്നിലധികം തവണ രാഹുല്‍ തെളിയിച്ചിട്ടുണ്ട്. ജനകീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹമെന്നും റാവത്ത് പറഞ്ഞു.
നമ്മള്‍ എല്ലാവരും രാഹുലിനെ സ്‌നേഹിക്കുന്നു. ഇക്കാര്യത്തില്‍ ഇന്‍ഡ്യ സഖ്യത്തില്‍ എതിര്‍പ്പോ അഭിപ്രായ വ്യത്യാസമോ ഇല്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
പ്രധാനമന്ത്രി പദം സംബന്ധിച്ച് ഇന്‍ഡ്യ സഖ്യത്തില്‍ അഭിപ്രായ ഭിന്നതയില്ല. ബിജെപിയുടെ ഏകാധിപത്യ സര്‍ക്കാറില്‍ നിന്ന് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. നരേന്ദ്ര മോദിയും അമിത് ഷായും പരാജയം അംഗീകരിക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
ശിവസേന, എന്‍സിപി വിഭാഗങ്ങളുടെ കൂട്ടുണ്ടായിട്ടും മഹാരാഷ്ട്രയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ഇന്‍ഡ്യ മുന്നണി നടത്തിയത്. ആകെയുള്ള 48 ലോക്‌സഭ സീറ്റുകളില്‍ 30 സീറ്റാണ് ഇന്‍ഡ്യാ സഖ്യം നേടിയത്. 13 സീറ്റ് നേടിയ കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ ഒരു സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഉദ്ധവ് പക്ഷം ഒമ്പതും പവാര്‍ പക്ഷം ഏട്ടും സീറ്റുകള്‍ നേടി.
48ല്‍ 45 ലക്ഷ്യമിട്ട എന്‍ഡിഎക്ക് 17 സീറ്റുകളാണ് നേടാനായത്. എന്‍ഡിഎയില്‍ ബിജെപി ഒമ്പതും ഏക്‌നാഥ് ഷിന്‍ഡെ പക്ഷ ശിവസേന ഏഴും അജിത് പവാര്‍ പക്ഷ എന്‍സിപി ഒരു സീറ്റുമാണ് ജയിച്ചത്. മുംബൈ നഗരത്തിലെ ആറ് സീറ്റുകളില്‍ അഞ്ചിലും ഇന്‍ഡ്യ സഖ്യം വിജയിച്ചത് ഉദ്ധവ് താക്കറെയുടെ ജനസമ്മതിയാണ് തെളിയിക്കുന്നത്.