ഐഎംഎ കൊച്ചി ഡോക്ടേഴ്‌സ് ദിനം ആഘോഷിച്ചു

കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ദിനാഘോഷം ജില്ലാ കലക്ടര്‍ ജഫര്‍ മാലിക്ക് ഉദ്ഘാടനം ചെയ്തു

Update: 2022-07-02 11:39 GMT

കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനം ആഘോഷിച്ചു.കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ദിനാഘോഷം ജില്ലാ കലക്ടര്‍ ജഫര്‍ മാലിക്ക് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ സമൂഹ നന്മയ്ക്കായി ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് കലക്ടര്‍ പറഞ്ഞു.

കുടുംബ ഡോക്ടറുടെ പ്രസക്തി എന്തെന്ന് കേരള സമൂഹം ഇപ്പോള്‍ മറന്നിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടെന്ന് തോന്നിയാല്‍ എല്ലാവരും സ്‌പെഷ്യലിസ്റ്റുകളെ സ്വയം നിര്‍ണ്ണയിച്ച് ചികില്‍സ തേടിപ്പോകുന്ന അവസ്ഥയാണുള്ളത്. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് അവരുടെ മുന്നില്‍ വരുന്ന രോഗികളുടെ പാരമ്പര്യ രോഗങ്ങളെക്കുറിച്ചോ, മുന്‍കാല രോഗങ്ങളുടെ വിവരങ്ങളോ അറിയാതെ ചികില്‍സ തുടങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.എന്നാല്‍ കുടുംബ ഡോക്ടര്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് രോഗിയുടെ പാരമ്പര്യജനിതക രോഗങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടാകും. അതനുസരിച്ച് വിദഗ്ദ ചികില്‍സ ആവശ്യമായിവരുന്ന സന്ദര്‍ഭങ്ങളില്‍ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം തേടാനും അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കാലേകൂട്ടി നല്‍കാനും കഴിയും.

കൊവിഡ് പോലുള്ള മഹാമാരിക്കാലത്ത് എല്ലാ കുടുംബത്തിനും കുടുംബ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഐഎംഎ മുന്‍ പ്രസിഡന്റ് കൂടിയായ ഡോ.സുജിത്ത് വാസുദേവന്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. എം ജി സുബ്രമണ്യന്‍, ഡോ. എം ഗോപാലന്‍ എന്നിവരെയും, കൊവിഡ് കാലത്തെ പ്രവര്‍ത്തനമികവിന് ഡോ. രാജീവ് ജയദേവനെയും ചടങ്ങില്‍ ആദരിച്ചു. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ. അനിത തിലകന്‍, ഖജാന്‍ജി ഡോ.ജോര്‍ജ് തുകലന്‍, പ്രസിഡന്റ് ഇലക്ട് ഡോ. എസ് ശ്രീനിവാസ കമ്മത്ത്, മുന്‍ പ്രസിഡന്റ് ഡോ.വി ഡി പ്രദീപ് കുമാര്‍, കള്‍ച്ചറല്‍ വിംഗ് കണ്‍വീനര്‍ ഡോ.എം വേണുഗോപാല്‍ സംസാരിച്ചു.

Tags:    

Similar News