ഐഎംഎ കൊച്ചി ഇനി വനിതകള്‍ നയിക്കും; പ്രസിഡന്റും സെക്രട്ടറിയും വനിതകള്‍ ആകുന്നത് 37 വര്‍ഷത്തിനു ശേഷം

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖയുടെ 202122 വര്‍ഷത്തെ ഭാരവാഹികളായി ഡോ. മരിയ വര്‍ഗീസ് (പ്രസിഡന്റ്) ഡോ.അനിത തിലകന്‍ (സെക്രട്ടറി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.പ്രസിഡന്റും ,സെക്രട്ടറിയും ഒരുമിച്ച് വനിതകളാകുന്നതും ആദ്യമായാണ്.

Update: 2021-10-04 12:54 GMT

കൊച്ചി : ഐഎംഎ കൊച്ചി ഇനി വനിതകള്‍ നയിക്കും.37 വര്‍ഷത്തിന് ശേഷം ഐഎംഎ കൊച്ചിക്ക് വനിത പ്രസിഡന്റും സെക്രട്ടറിയും. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖയുടെ 2021-22 വര്‍ഷത്തെഭാരവാഹികളായി ഡോ. മരിയ വര്‍ഗീസ് (പ്രസിഡന്റ്) ഡോ.അനിത തിലകന്‍ (സെക്രട്ടറി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഡോ.ജോര്‍ജ് തുകലന്‍ ആണ് ഖജാന്‍ജി.മൂവരും ചുമതലയേറ്റു.


37 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി ശാഖയ്ക്ക് വനിത പ്രസിഡന്റിനെ ലഭിക്കുന്നത്. കൂടാതെ പ്രസിഡന്റും ,സെക്രട്ടറിയും ഒരുമിച്ച് വനിതകളാകുന്നതും ആദ്യമായാണ്.സ്ഥാനാരോഹണ ചടങ്ങ് എറണാകുളം ജില്ലാ റൂറല്‍ പോലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരി മറ്റ് സംസ്ഥാനത്ത് വളരെയധികം നാശംവിതച്ചപ്പോഴും കേരളത്തെ സംരക്ഷിച്ച് നിറുത്തിയത് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചതു കൊണ്ടാണെന്ന് കെ കാര്‍ത്തിക് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യനിര്‍വ്വഹണ വേളയില്‍ ആരില്‍നിന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ നേരിടേണ്ടിവന്നാല്‍ നിയമനടപടി സ്വീകരിക്കുന്നതിന് പോലീസ് സദാജാഗരൂകരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഡോ.ടി വി രവി, ഡോ.അതുല്‍ ജോസഫ് മാനുവല്‍, ഡോ.ജോര്‍ജ് തുകലന്‍, ഡോ. എം വേണുഗോപാല്‍, ഡോ. ശാന്താ ജോര്‍ജ് ഈരാളി, ഡോ.അബ്രാഹം വര്‍ഗീസ്, ഡോ.വി പി കുരൈ്യപ്പ്, ഡോ.എന്‍ ദിനേശ്, ഡോ.പി കല കേശവന്‍, ഡോ.കെ നാരായണ്‍കുട്ടി, ഡോ.സി ജി ബിന്ദു, ഡോ.കെ മാത്യു വര്‍ഗീസ്, ഡോ.എസ് സച്ചിദാനന്ദ കമ്മത്ത് സംസാരിച്ചു.

Tags:    

Similar News