തൃണമൂല്‍-ഇടത് വിദ്യാര്‍ത്ഥി സമരത്തിനിടയില്‍ നാടകീയ രംഗങ്ങള്‍; മമതയും ഇടത് വിദ്യാര്‍ത്ഥികളും മത്സരിച്ച് മുദ്രാവാക്യം വിളിച്ചു
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സമയോചിതമായ ഇടപെടലോടെ ഒടുവില്‍ നാടകീയ രംഗങ്ങള്‍ക്ക് അറുതിയായി. ഏകദേശം രാത്രി 9.30 ഓടെയാണ് രംഗം ശാന്തമായത്.
കൊല്‍ക്കൊത്ത: ശനിയാഴ്ച കൊല്‍ക്കൊത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി സംഘടനയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന ധര്‍ണയില്‍ നാടകീയ രംഗങ്ങള്‍. ഇടത് വിദ്യാര്‍ത്ഥികള്‍ തൃണമൂല്‍ വിദ്യാര്‍ത്ഥികളുടെ പരിപാടിയെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സമയോചിതമായ ഇടപെടലോടെ ഒടുവില്‍ നാടകീയ രംഗങ്ങള്‍ക്ക് അറുതിയായി. ഏകദേശം രാത്രി 9.30 ഓടെയാണ് രംഗം ശാന്തമായത്.
ഇന്നാണ് മോദി കൊല്‍ക്കത്തയിലെത്തിയത്. ഇതിനെതിരേ ഇടത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നിശ്ചയിച്ചിരുന്നു. അതേ സമയത്തുതന്നെയാണ് തൃണമൂല്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എന്‍ആര്‍സിക്കെതിരേ ധര്‍ണ നടന്നത്.
രാവിലെ മമത കൊല്‍ക്കൊത്തയിലെത്തിയ പ്രധാനമന്ത്രിയെ കാണുന്നതിനു മുമ്പായി ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. മമത പോയതിനു പിന്നാലെ ഇടത് വിദ്യാര്‍ത്ഥികള്‍ തൃണമൂലിന്റെ ധര്‍ണയെ വളഞ്ഞു. ജാദവ്പൂര്‍ സര്‍വകലാശാല, കൊല്‍ക്കൊത്ത സര്‍വ്വകലാശാല, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവടങ്ങളില്‍ നിന്നുളളവരാണ് ഇടത് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതിനിടയില്‍ പ്രധാനമന്ത്രിയെ കണ്ട് മമത തിരിച്ചെത്തി. അതോടെ ഇടത് വിദ്യാര്‍ത്ഥികള്‍ മമതയെ നോക്കി ഡല്‍ഹി പോലിസിനെതിരേ മുദ്രാവാക്യം വിളിച്ചു. എല്ലാവര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് മമത വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ഇടക്ക് ദേഷ്യം പിടിച്ചപ്പോള്‍ ഇവിടെയുള്ളത് കൊല്‍ക്കൊത്ത പോലിസാണെന്നും ഡല്‍ഹി പോലിസിനെതിരേ ഡല്‍ഹിയില്‍ പോയി സമരം ചെയ്യണമെന്ന് ഉപദേശിച്ചു. അതിനു പകരം ഇടത് വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യം വിളിച്ചു. മമതയുടെ മുദ്രാവാക്യം പൗരത്വ പട്ടികക്കെതിരേയായിരുന്നു.
പിന്നീട് ഏറെ വൈകിയ ശേഷം മമത ഇരു കൂട്ടരിലും പെട്ട വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. കുട്ടികള്‍ സമരരംഗത്തിറങ്ങിയപ്പോള്‍ അവരെ പോലിസ് തല്ലിയൊതുക്കിയില്ലെന്നും സമരം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും മമത പറഞ്ഞു. ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ പ്രശ്‌നം നടന്നപ്പോഴും കുട്ടികളെ തല്ലിയൊതുക്കാന്‍ താന്‍ തുനിഞ്ഞില്ലെന്ന് മമത വ്യക്തമാക്കി. ഏകദേശം 9.30 ആയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അവസാനിച്ചത്.