കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായതായി റിപോര്‍ട്ട്. ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നു തൃണമൂല്‍ കോണ്ഗ്ര്സ് ആരോപിച്ചിരുന്നു. നാദിയ ജില്ലയില്‍ സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടെയാണ് സത്യജിത് കൊല്ലപ്പെട്ടത്. കിഷന്‍ഗഞ്ചില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തിന്റെ പ്രതിനിധിയായ എംഎല്‍എയാണ് 37കാരനായ സത്യജിത് ബിശ്വാസ്. ഫുല്‍ബാരിയില്‍ സംസ്ഥാന മന്ത്രി രത്ന ഘോഷിനും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ ദത്തയ്ക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എക്കു വെടിയേറ്റത്. വെടിയേറ്റു സ്റ്റേജില്‍ വീണ എംഎല്‍എ തല്‍ക്ഷണം മരണപ്പെട്ടു.