റഷ്യക്കെതിരേ ഉപരോധം കടുപ്പിയ്ക്കും; യൂറോപ്യന്‍ കമ്മീഷന്‍ മേധാവി യുക്രെയ്‌നിലെത്തി

Update: 2022-04-11 03:51 GMT

കീവ്: യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും വൈസ് പ്രസിഡന്റ് ജോസെപ് ബോറെല്‍ ഫോണ്ടെലെസും സ്ലോവാക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗറും വെള്ളിയാഴ്ച കീവിലെത്തി. യുക്രെയ്ന്‍ പ്രസിഡന്റ് വ്്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.

ചൊവ്വാഴ്ചയോടെ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ വക്താവ് വോണ്‍ ഡെര്‍ ലെയനും ജോസെപ് ബോറെലും പറഞ്ഞിരുന്നു. 

അതിനിടെ, യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയില്‍നിന്ന് കല്‍ക്കരി അടക്കമുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ സമ്മതിച്ചു. ഉപരോധം വെള്ളിയാഴ്ചയോടെ ഔദ്യോഗികമായി നടപ്പില്‍ വരും.

ഏറ്റവും പുതിയ ഉപരോധ പാക്കേജിന് പച്ചക്കൊടി ലഭിച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന യൂറോപ്യന്‍ യൂനിയന്റെ ഔദ്യോഗിക ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ പാക്കേജ് നടപ്പിലാകും.

റഷ്യന്‍ കല്‍ക്കരിക്ക് മാത്രമല്ല, റഷ്യന്‍ തടിയുടെയും വോഡ്കയുടെയും ഇറക്കുമതിക്കും ഉപരോധം ബാധകമാകും.

അധിനിവേശത്തിന്റെ പേരില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കിയിരുന്നു. റഷ്യയെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെ അനുകൂലിച്ച് 93 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 24 അംഗങ്ങള്‍ എതിര്‍ത്തു. മറ്റ് 58 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Tags:    

Similar News