ഗോവയില്‍ മന്ത്രി അടക്കം രണ്ട് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു

Update: 2022-01-10 14:30 GMT

ഗോവ: തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഗോവയില്‍ ബിജെപി കാംപില്‍ ആശങ്കപടര്‍ത്തി രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു. ഒരു മന്ത്രിയും ഒരു എംഎല്‍എയുമാണ് ഇത്തവണ മറുകണ്ടം ചാടിയിരിക്കുന്നത്.

ഗോവയിലെ മാലിന്യ നിര്‍മാര്‍ജന വകുപ്പ് മന്ത്രി മൈക്കള്‍ ലൊബൊയാണ് ആദ്യം പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നത്. ഏഴ് മണിക്കൂറിനുള്ളില്‍ എംഎല്‍എ പ്രവീണ്‍ സാന്ത്യയും പാര്‍ട്ടി വിട്ടു.

ഫെബ്രുവരി 14നാണ് ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗോവയില്‍ ബിജെപി വിടുന്ന നാലാമത്തെ എംഎല്‍എയാണ് പ്രവീണ്‍.

മേം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് പ്രവീണ്‍. നേരത്തെ കോണ്‍ഗ്രസ്സിലായിരുന്ന അദ്ദേഹം ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് 2012ല്‍ ബിജെപിയില്‍ ചേക്കേറിയത്. കോണ്‍ഗ്രസ് എംപിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഹരിഷ് പ്രഭു സാന്ത്യയുടെ മകനാണ്. ഹരിഷ് പ്രഭു കഴിഞ്ഞ വര്‍ഷം അന്തരിച്ചു.

പുറത്തുവന്ന റിപോര്‍ട്ടനുസരിച്ച് പ്രവീണ്‍, ഗോവയിലെ പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. മഹാരാഷ്ട്രവാദി പാര്‍ട്ടിക്ക് തൃണമൂലുമായാണ് സഖ്യം.

മുന്‍ മന്ത്രി മൈക്കല്‍ ലൊബൊയും ഇന്ന് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ബിജെപി സാധാരണക്കാരന്റെ പാര്‍ട്ടിയല്ലെന്നാണ് ലൊബൊയുടെ ആരോപണം.

ഏതാനും പേര്‍ പാര്‍ട്ടിവിടുന്നതുകൊണ്ട് ബിജെപിയുടെ ജനസ്വാധീനം കുറയില്ലെന്ന് ബിജെപി പ്രതികരിച്ചു.

ഗോവയിലെ 40 മണ്ഡലങ്ങളിലെ ഇരുപതിലും വലിയ സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന നേതാവാണ് ലൊബൊ. അദ്ദേഹം കോണ്‍ഗ്രസ്സിലേക്കാണ് പോകുന്നത്.

Tags:    

Similar News