ഹിമാചലില്‍ മുസ്‌ലിം വ്യാപാരിയുടെ വസ്ത്രാലയം കൊള്ളയടിച്ചും അടിച്ചുതകര്‍ത്തും ആള്‍ക്കൂട്ടം; ബലിമൃഗത്തിന്റെ ചിത്രം സ്റ്റാറ്റസ് ആക്കിയെന്ന് ആരോപണം
ഷിംല: ഹിമാചല്‍പ്രദേശില്‍ മുസ്‌ലിം വ്യാപാരിയുടെ ഉടമസ്ഥയിലുള്ള ടെക്‌സ്‌റ്റൈല്‍ സ്ഥാപനം കൊള്ളയടിച്ച ശേഷം അടിച്ചുതകര്‍ത്ത് ആള്‍ക്കൂട്ടം. ബലിയറുത്ത മൃഗത്തിന്റെ ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കിയെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം കടയിലേക്ക് ഇരച്ചെത്തി അതിക്രമം അഴിച്ചുവിട്ടത്. ഹിമാചലിലെ സിര്‍മൗര്‍ ജില്ലയിലുള്ള നഹാനിലാണു സംഭവം.
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശി ജാവേദിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്രാലയം. ബലിപെരുന്നാള്‍ ആഘോഷത്തിനായി ഇദ്ദേഹം നാട്ടിലേക്കു പോയിരുന്നു. കഴിഞ്ഞ ദിവസം സിര്‍മൗറിലെ ബനേഥി സ്വദേശി രാജ് കുമാര്‍ ഫേസ്ബുക്കിലിട്ട വിഡിയോയ്ക്കു പിന്നാലെയാണ് കടയ്ക്കു നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതെന്നാണ് പോലിസ് പറഞ്ഞത്. ജാവേദ് പശുവിനെ ബലിയറുത്തെന്നും വാട്‌സ്ആപ്പില്‍ ഇതിന്റെ ചിത്രം സ്റ്റാറ്റസ് ആക്കിയിട്ടുണ്ടെന്നുമായിരുന്നു ഇയാള്‍ വിഡിയോയില്‍ പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധിക്കാനായി എല്ലാവരും ജാവേദിന്റെ കടയ്ക്കു മുന്നിലെത്തണമെന്നും ആവശ്യപ്പെട്ടു.
വിഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം വസ്ത്രാലയത്തിനു മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടുകയും കട കുത്തിത്തുറയ്ക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കൊള്ളയടിക്കുകയും കട അടിച്ചുതകര്‍ക്കുകയും ചെയ്തതായി ജില്ലാ പോലിസ് സുപ്രണ്ട് രമണ്‍കുമാര്‍ മീണയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിനുശേഷം സംഘം ഡെപ്യൂട്ടി പോലിസ് കമ്മിഷണറുടെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് ജാവേദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
സംഭവത്തിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. നഹാനിലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ വിഎച്ച്പി, ബജ്‌റങ്ദള്‍ നേതാക്കള്‍ അന്ത്യശാസനം മുഴക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ കടകള്‍ ഒഴിഞ്ഞുപോകണമെന്നാണു ഭീഷണി. സഹാറന്‍പൂര്‍ സ്വദേശികളായ ഏഴ് മുസ്‌ലിം വ്യാപാരികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസം കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.