റിയാദ്: വിവാഹിതരാകാന്‍ പോകുന്നവര്‍ നടത്തേണ്ട വിവാഹ പൂര്‍വ പരിശോധന സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടാതെ സ്വകാര്യ ആശുപത്രികളില്‍ വിവാഹ പൂര്‍വ പരിശോധന നടത്തി വേഗത്തിലും എളുപ്പത്തിലും റിപ്പോര്‍ട്ട് ലഭിക്കും.
സിക്കിള്‍സെല്‍ അനീമിയ, തലസീമിയ പോലെ ചില ജനിതക രക്തരോഗങ്ങളും ഹെപ്പറ്റൈറ്റിസ് ബി, സി, എയിഡ്‌സ് പോലെ പകര്‍ച്ചവ്യാധികളും ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് വിവാഹ പൂര്‍വ പരിശോധന നടത്തുന്നത്. വിവാഹത്തില്‍ ഏര്‍പ്പെടുന്ന രണ്ടാമത്തെ കക്ഷിക്കോ ഭാവിയില്‍ പിറക്കുന്ന മക്കള്‍ക്കോ രോഗം പകരാനുള്ള സാധ്യതയെ കുറിച്ച് വൈദ്യോപദേശം നല്‍കാനും ആരോഗ്യകരമായ കുടുംബം ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതിന് പ്രതിശ്രുത വധൂവരന്മാര്‍ക്ക് ഓപ്ഷനുകളും ബദലുകളും നല്‍കാനും ലക്ഷ്യമിട്ടാണ് വിവാഹ പൂര്‍വ പരിശോധന നടത്തുന്നത്.
പുതിയ ക്രമീകരണത്തിലൂടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ നീതിന്യായ മന്ത്രാലയത്തിന്റെ സിസ്റ്റത്തിലേക്ക് ഇലക്‌ട്രോണിക് രീതിയില്‍ അയക്കും. വിവാഹത്തില്‍ ഏര്‍പ്പെടുന്ന ആദ്യ കക്ഷി സ്വകാര്യ ആശുപത്രിയില്‍ വിവാഹ പൂര്‍വ പരിശോധന നടത്തിയ ശേഷം രണ്ടാമത്തെ കക്ഷിക്ക് സ്വകാര്യ ആശുപത്രിയിലോ ലാബുകളിലോ സര്‍ക്കാര്‍ ആശുപത്രിയിലോ വിവാഹ പൂര്‍വ പരിശോധന നടത്താവുന്നതാണ്. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇസര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യും.