സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വന്നു

മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ് വഴിയോ ഏകീകൃത നമ്പറായ 19911 എന്ന നമ്പറില്‍ നിയമലംഘനങ്ങള്‍ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Update: 2021-06-15 02:22 GMT
മക്ക: സൗദി അറേബ്യയില്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വന്നു. ചൂടുകാലം ശക്തമാകുന്നതോടെയാണ് തൊഴിലാളികളുടെ സുരക്ഷക്ക് മധ്യാഹ്ന വിശ്രമ നിയമം ഏര്‍പ്പെടുത്തുന്നത്. സെപ്റ്റംബര്‍ 15 വരെ ഇത് നിലവിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ നിയമം അനുശാസിക്കുന്നു.


നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ് വഴിയോ ഏകീകൃത നമ്പറായ 19911 എന്ന നമ്പറില്‍ നിയമലംഘനങ്ങള്‍ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.


അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്.


വിശുദ്ധ ഹറമിലും മധ്യാഹ്ന വിശ്രമ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നിര്‍ദേശം നല്‍കി. ഉച്ച സമയത്ത് വെയിലേല്‍ക്കുന്ന നിലയില്‍ ഹറംകാര്യ വകുപ്പ് ജീവനക്കാര്‍ ജോലി ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. വെയിലേല്‍ക്കുന്ന നിലയില്‍ കടുത്ത ചൂടില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് കുടകള്‍ ലഭ്യമാക്കാനും ഹറംകാര്യ വകുപ്പ് മേധാവി നിര്‍ദേശിച്ചു.




Tags:    

Similar News