ജൈവ പ്രപഞ്ചത്തില്‍ നമുക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ല: ചില പരിസ്ഥിതി ചിന്തകള്‍
നാം അനുവര്‍ത്തിച്ചു പോരുന്ന ശീലങ്ങളുമായി അവ കടുത്ത സംഘര്‍ഷത്തില്‍ ഏര്‍പ്പെടാമെങ്കിലും ജൈവ ഭൗതിക നിയമങ്ങളോട് മാത്രം വിധേയത്വം പുലര്‍ത്തുന്ന ഒരു ജൈവ പ്രപഞ്ചത്തില്‍ നമുക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം- കെ സഹദേവന്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്
കെ സഹദേവന്‍
'പരിസ്ഥിതി ' എന്നത് ഒരു വിജ്ഞാന ശാഖ എന്ന നിലയില്‍ നിന്നും മാനവ സമൂഹത്തിന്റെ ജീവിതക്രമങ്ങളെ നിര്‍ണ്ണയിക്കുന്നതും അവയുടെ നിലനില്‍പ്പിനെ ഗൗരവമായ രീതിയില്‍ സ്വാധീനിക്കുന്നതും ആയ ഒന്നായി ഇന്ന് നാം മനസ്സിലാക്കുന്നു.
മനുഷ്യ നിര്‍മ്മിത സമ്പദ് വ്യവസ്ഥയില്‍ പ്രാകൃതിക മൂലധനത്തിന്റെ/സേവനങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിയാന്‍ നാം നിര്‍ബ്ബന്ധിതമാക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ മൂല്യ നിര്‍ധാരണത്തെ സംബന്ധിച്ച് വ്യക്തവും സുനിശ്ചിതവുമായ ധാരണകളിലേക്ക് എത്തിപ്പെടാന്‍ നമുക്ക് നാളിതുവരെയായി സാധിച്ചിട്ടില്ല; അത്തരത്തിലുള്ള അന്വേഷണങ്ങള്‍ ഏറെക്കാലമായി തുടരുന്നുണ്ടെങ്കില്‍ കൂടിയും.
പ്രാകൃതിക മൂലധനത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് നിലവില്‍ നമുക്ക് ബാധയായി നില്‍ക്കുന്നത് ഗണിത ശാസ്ത്ര നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മൂല്യനിര്‍ധാരണ രീതി ശാസ്ത്രത്തെയാണ് നാം പ്രധാനമായും ആശ്രയിക്കുന്നത് എന്നതാണ്. എന്നാല്‍ പ്രാകൃതിക മൂലധന/സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപരമായി ഭൗതിക നിയമങ്ങളെ അനുസരിച്ചുള്ളതാണ്.
ഗണിത ശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് ധനമൂലധനത്തെ, അതായത് പണത്തെ, അനന്തമായി വിഭജിക്കുവാന്‍ സൈദ്ധാന്തികമായെങ്കിലും സാധ്യമാണെങ്കില്‍ കൂടിയും പരസ്പരബന്ധിതവും സങ്കീര്‍ണ്ണവും ഒറ്റതിരിഞ്ഞ അസ്തിത്വം ഇല്ലാത്തതുമായ ജൈവ പ്രപഞ്ചത്തെ, അവ നല്‍കുന്ന പ്രാകൃതിക സേവനങ്ങളെ/ മൂലധനത്തെ പല കഷണങ്ങളാക്കി വിഭജിക്കുക അസാധ്യമായ സംഗതിയാണ്.
പ്രാകൃതിക മൂലധനത്തിന്റെ ഏതെങ്കിലും ഒരു 'തുണ്ടി'നെ ധനമൂലധന വ്യവസ്ഥയിലേക്ക് കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നതും ജൈവ പ്രപഞ്ചം മുന്നോട്ടു വെക്കുന്ന സാകല്യത്തെയാണെന്നത് നാം വിസ്മരിക്കുന്നു.
ജൈവ പ്രകൃതിയുടെ, ഭൂമിയുടെ, ഉത്പാദന ശേഷിയുടെ എത്രകണ്ട് മനുഷ്യ ഉപയോഗത്തിന് സാധ്യമാക്കാം എന്ന അന്വേഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രാകൃതിക ഉത്പാദന പ്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യ ഇടപെടലിന്റെ തോത് എത്രയായിരിക്കണം? ആഗോള ഭൂവിനിയോഗത്തിന്റെ പരിധി എത്രയായിരിക്കണം? ഇതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്? ഭൂമിയിലെ മനുഷ്യാധിപത്യം പരിമിതപ്പെടുത്തുന്നതിന്റെ പരിധി എന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങളെ നമുക്ക് നേരിടേണ്ടതുണ്ട്.
പ്രാഥമിക അറ്റോത്പാദനത്തിലെ മനുഷ്യ കടന്നാക്രമണം (Human Appropriation of Net Primary Product--HANPP) എന്നത് വളരെ സുപ്രധാനമായൊരു സംജ്ഞയായി കടന്നു വരുന്നത് ഇവിടെയാണ്.
പ്രാഥമിക അറ്റോത്പാദനത്തിലെ പരിധിയില്ലത്ത മനുഷ്യ ഇടപെടല്‍ ജൈവവ്യവസ്ഥയെ തകരാറിലാക്കും എന്നതില്‍ സംശയമൊന്നുമില്ല. ഭൂമിയിലെയും അന്തരീക്ഷത്തിലെയും ജൈവ രാസ ചാക്രികത(biochemical cycle)യുടെ സംതുലനത്തെ അത് അട്ടിമറിക്കുകയും മണ്ണിലെ ജൈവ പിണ്ഡ (biomass) സഞ്ചയത്തില്‍ വ്യതിയാനം സൃഷ്ടിക്കുകയും ചെയ്യുമെന്നത് സംബന്ധിച്ച നിരവധി തെളിവുകള്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്.
അതുകൊണ്ടുതന്നെ, പ്രാകൃതിക മൂലധന/സേവനങ്ങള്‍ സംബന്ധിച്ച മൂല്യനിര്‍ണ്ണയം കൂടുതല്‍ പ്രസക്തമാകുകയും അവ നമ്മുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ നാം നിര്‍ബ്ബന്ധിതമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒരുവേള, നാം അനുവര്‍ത്തിച്ചു പോരുന്ന ശീലങ്ങളുമായി അവ കടുത്ത സംഘര്‍ഷത്തില്‍ ഏര്‍പ്പെടാമെങ്കിലും ജൈവ ഭൗതിക നിയമങ്ങളോട് (Bio-physical laws) മാത്രം വിധേയത്വം പുലര്‍ത്തുന്ന ഒരു ജൈവ പ്രപഞ്ചത്തില്‍ നമുക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.