വയനാട്ടില്‍ 10 ദിവസത്തിനിടെ 13 പേര്‍ക്ക് എലിപ്പനി; ലക്ഷണങ്ങളോടെ 28 പേര്‍; ഏഴുമാസത്തിനിടെ ആറു മരണം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ എലിപ്പനി സ്ഥിരീകരിച്ചത് 13 പേര്‍ക്ക്. ലക്ഷണങ്ങളോടെ 28 പേര്‍ ചികില്‍സ തേടി.
ഈ വര്‍ഷം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ച 90 പേരില്‍ രണ്ടുപേരും രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയ 183 പേരില്‍ 4 പേരും മരണപ്പെട്ടു.
കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു(ലെപ്റ്റോ സ്പൈറ ബാക്ടീരിയ) ശരീരത്തില്‍ കടന്നാണ് രോഗമുണ്ടാകുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. ചെളിയിലും വെളളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ കൈയ്യുറയും കാല്‍മുട്ടുവരെ മൂടുന്ന ബൂട്ടും ധരിക്കണം. ജോലി കഴിഞ്ഞ് കൈകാലുകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകണം. തുടക്കത്തില്‍ ചികില്‍സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ്.
എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികില്‍സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ സ്വയം ചികിത്സിക്കാതെ വിദഗ്ധ ചികില്‍സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും മൂത്രത്തിന്റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.