അസാധാരണ രൂപ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികില്‍സാപിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. തപാല്‍ വഴിയാണ് കുഞ്ഞിന്റെ കുടുംബത്തിന് ആരോഗ്യവകുപ്പ് റിപോര്‍ട്ട് നല്‍കിയത്. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് റിപോര്‍ട്ടിലുള്ളതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് പറയുന്ന റിപോര്‍ട്ട് പുറത്തു വന്നത് ആദ്യഘട്ടത്തില്‍ നടത്തുന്ന സ്‌കാനിങിനു വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വേണ്ട ആശയവിനിമയം നടത്തിയില്ലെന്നും റിപോര്‍ട്ടിലുണ്ട്.
അതേസമയം, കുഞ്ഞിന്റെ ചികില്‍സയില്‍ കാര്യമായ പുരോഗതിയില്ലെന്നും കുഞ്ഞിന്റെ പിതാവ് പറയുന്നു. നിലവില്‍ കുഞ്ഞിന്റെ മാതാവ് അസുഖബാധിതയായി ചികില്‍സയിലാണ്. കുഞ്ഞിനെ പരിചരിക്കാനാവശ്യമായ സൗകര്യങ്ങളള്‍ക്കു വേണ്ടി സര്‍ക്കാറിനെ സമീപിച്ചിട്ടും കാര്യമായ ഒരു സഹായവും ഉണ്ടായില്ലെന്നും കുഞ്ഞിന്റെ പിതാവ് കൂട്ടിചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികള്‍ക്ക് ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു പിറന്നത്.
ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ രംഗത്ത് വരികയായിരുന്നു. ഇവര്‍ക്ക് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിക്കാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്.