പോലിസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപോര്‍ട്ട്

വയനാട്: പോലിസ് സ്റ്റേഷനില്‍ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നു പറയുന്ന റിപോര്‍ട്ട് ഉത്തര മേഖലാ ഡിഐജിക്ക് കൈമാറി എസ്പി. ഗോകുല്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ വേണ്ട ശ്രദ്ധ നല്‍കുന്നതില്‍ വീഴ്ച പറ്റി എന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ആദിവാസി യുവാവ് ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് പതിവായി ഗോകുലിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗോകുലിന്റെ ബന്ധുക്കള്‍ പറയുന്നു. ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്നും റിപോര്‍ട്ട് വന്നിട്ടുണ്ട്. സംസ്‌കരിക്കാനുളള നടപടികള്‍ക്കിടെയാണ് ഗോകുലിന് 18 വയസ്സായില്ലെന്ന വിവരം പുറത്തുവന്നത്.
ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി ആദിവാസി പെണ്‍കുട്ടിയെ കാണാതായിരുന്നു. ഈ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ കുടുംബവുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ രാവിലെ എട്ടുമണിയോടെ ശുചിമുറിയിലേക്ക് പോയ ഗോകുല്‍ മരിക്കുകയായിരുന്നെന്നുമാണ് സംഭവത്തില്‍ പോലിസ് വിശദീകരണം.