കൊവിഡ് കേസുകളില്‍ വര്‍ധന:വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്
ഐഐടി മദ്രാസിലെ 30 വിദ്യാര്‍ഥികളില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി
ചെന്നൈ:തമിഴ്‌നാട്ടില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍.ഐഐടി മദ്രാസിലെ 30 വിദ്യാര്‍ഥികളില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴയീടാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാട്ടിയിട്ടുണ്ട്. ജനങ്ങള്‍ അലസത പ്രകടിപ്പിക്കുന്നതിനാലാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാവുകയാണ്. 39 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നടത്തുന്ന കൊവിഡ് പരിശോധനകളുടെ എണ്ണം 18,000ല്‍ നിന്നും 25,000 ആയി വര്‍ധിപ്പിച്ചു.
കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. അതിന് പുറമെ, മാസ്‌ക് ധരിക്കാത്തവരുടെ പക്കല്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. മാസ്‌ക് നിര്‍ബന്ധമില്ലാതാക്കിയതാണ് കൊവിഡ് ഉയരാന്‍ കാരണമായതെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.