പേരാമ്പ്ര : സംസ്ഥാനത്തെ റബർ കർഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി താങ്ങു വില വർധിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി. താങ്ങു വില ചുരുങ്ങിയത് 250 രൂപയെങ്കിലും ആയി നിശ്ചയിക്കണം. എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ചക്കിട്ടപാറയിൽ റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടില്ലിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങളെ പരിഗണിക്കാതെ കോർപ്പറേറ്റ് താല്പര്യസംരക്ഷണം മാത്രം നയമാക്കിയ സർക്കാർ ജനങ്ങളെ സമരങ്ങളിലേക്ക് തള്ളിവിടുകയാണ്. റബ്ബറിന്റെ ഉത്പാദനവും ഉപഭോഗവും കണക്കാക്കി കുറവ് നികത്താനുള്ള അളവിൽ മാത്രം ഇറക്കുമതി എന്നതാവണം രാജ്യ താല്പര്യം സംരക്ഷിക്കുന്ന സർക്കാറിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി വി ജോർജ്, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് സരിത ശ്രീജിത്ത്, മണ്ഡലം സെക്രട്ടറി സി.കെ. കുഞ്ഞി മൊയ്‌ദീൻ മാസ്റ്റർ, ഹസീന തെക്കോലത്ത്, റഷീദ് കെ എം എന്നിവർ സംസാരിച്ചു.