സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലകളില്‍ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലിസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂള്‍, കുതിര പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡില്‍ മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. ചടങ്ങില്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.
ജില്ലാ തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാകും നടക്കുക. സംസ്ഥാന പൊലീസിന്റെയും ഹോംഗാര്‍ഡ്, എന്‍.സി.സി., സ്‌കൗട്ട്‌സ് എന്നിവരുടേയും നേതൃത്വത്തില്‍ നടക്കുന്ന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. സബ് ഡിവിഷണല്‍, ബ്ലോക്ക് തലങ്ങളില്‍ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തും.
തദ്ദേശ സ്ഥാപനതലത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ദേശീയ പതാക ഉയര്‍ത്തും. ഇവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ദേശീയ പതാക ഉയര്‍ത്തും.
എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലേയും സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, കോളജുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വകുപ്പു മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകള്‍ക്കു പൂര്‍ണ നിരോധനമുണ്ടായിരിക്കും. ആഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.