ഇന്ത്യ@75: കെഎംസിസി വെബിനാര്‍ ഞായറാഴ്ച; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും
ദുബയ്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി യുഎഇ- കെഎംസിസി നാഷണല്‍ കമ്മിറ്റി വെബിനാര്‍ സംഘടിക്കുന്നു. ആഗസ്ത് 15ന് ഞായറാഴ്ച വൈകുന്നേരം 4നാണ് സൂം പഌറ്റ്ഫോമില്‍ ഒരുക്കുന്ന പരിപാടി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യുന്ന വെബിനാറില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ മുഖ്യ പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരിയും വിശിഷ്ടാതിഥിയായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.
സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവും രാജ്യത്തിനായി പോരാടിയ മുന്‍ഗാമികളുടെ ആത്മസമര്‍പ്പണത്തിന്റെ ഓര്‍മയും പുതുക്കുന്ന വേളയാണ് സ്വാതന്ത്ര്യ ദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഏകതയും നഷ്ടപ്പെടുത്താതിരിക്കാന്‍ ഓരോ വര്‍ഷവും ഇന്ത്യയുടെ ഇന്നലെകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന വേദികള്‍ ഒരുക്കാറുണ്ട് കെഎംസിസി. ഞായറാഴ്ച നടക്കുന്ന വെബിനാറിന് പുറമെ മറ്റു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും കെഎംസിസി നാഷ്ണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്നതായി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് അറിയിച്ചു.