കൊവിഡ് 19: ഇന്ത്യയില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു, മുന്നില്‍ മഹാരാഷ്ട്രയും രാജസ്ഥാനും തമിഴ്‌നാടും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ നടന്ന കൊവിഡ് 19 ആര്‍ടി- പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്ത് ലക്ഷം കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഘട്ടമാണ് പിന്നിട്ടതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
''ഇതുവരെ രാജ്യത്ത് 10,40000 ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. കുറച്ചു ദിവസത്തിനകം നാം ടെസ്റ്റിങ് സൗകര്യങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 70,000 ടെസ്റ്റുകളാണ് ഐസിഎംആര്‍ നടത്തിയത്''- ഐസിഎംആറിലെ മുതിര്‍ന്ന ഉദ്യോഗസഥന്‍ പറഞ്ഞു.
ശനിയാഴ്ചയ്ക്കു മുമ്പ് വരെ 976363 ടെസ്റ്റുകളാണ് നടന്നത്. ഇപ്പോഴത് 1,37,346 ആയി വര്‍ധിച്ചു.
ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ മുന്നില്‍ മഹാരാഷ്ട്രയും രാജസ്ഥാനും തമിഴ് നാടുമാണ്. മൂന്ന് സംസ്ഥാനങ്ങളും ഇതുവരെ 1 ലക്ഷം ടെസ്റ്റുകള്‍ വീതം നടത്തിക്കഴിഞ്ഞു.
ആന്ധ്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ അവരുടെ ടെസ്റ്റിങ് സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കണമെന്നാണ് ഐസിഎംആര്‍ നിലപാട്.
കൊറോണ ബാധ ആദ്യ സ്‌റ്റേജില്‍ തന്നെ കണ്ടെത്തുന്നതിന് ആര്‍ടി-പിസിആര്‍ ടെസ്റ്റാണ് അഭികാമ്യം. രോഗിയുടെ തൊണ്ടയിലെയും മൂക്കിലെയും സ്രവം പരിശോധിക്കുന്നതു വഴി വേഗത്തില്‍ തന്നെ രോഗം തിരിച്ചറിയാം. കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുളള പ്രധാന ടെസ്റ്റായി ആര്‍ടി-പിസിആര്‍ ടെസ്റ്റിനെ കണക്കാക്കണമെന്ന് ഐസിഎംആര്‍ അഡി. ഡയറക്ടര്‍ ജനറല്‍ ഡോ. ജി എസ് ടൊടേജ അഭിപ്രായപ്പെട്ടിരുന്നു.
നിവലില്‍ ഈ ടെസ്റ്റ് രാജ്യത്തെ 310 സര്‍ക്കാര്‍ ലാബറട്ടറികളിലും 111 സ്വകാര്യ ലാബുകളിലുമാണ് ഉള്ളത്.
ഐസിഎംആര്‍ 21.35 ലക്ഷം ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 37,776 ആണ്. 1223 പേര്‍ രോഗം ബാധിച്ച് മരിച്ചു.