ഒമിക്രോൺ: രാജ്യത്തെ 6 വിമാനത്താവളങ്ങളിൽ ആർടിപിസിആർ നിർബന്ധമാക്കി

ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് പരിശോധനകൾക്ക് വിധേയരാകേണ്ടത്.

Update: 2021-12-20 13:27 GMT

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഒമിക്രോൺ കേസുകൾ കൂടുതലുള്ള 'ഹൈ റിസ്ക്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരാണ് പരിശോധനകൾക്ക് വിധേയമാകേണ്ടതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് പരിശോധനകൾക്ക് വിധേയരാകേണ്ടത്. ടെസ്റ്റ് നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ സുവിധ പോർട്ടലിൽ സജ്ജമാകും. പരിശോധന യാത്രക്കാരെ ബാധിക്കുന്നില്ലെന്ന് വ്യക്തമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ആർടിപിസിആർ പരിശോധന നടത്തുന്നതിനായി എങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

1. യാത്ര ചെയ്യുന്ന നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2. മുകളിൽ കാണുന്ന 'ബുക്ക് കൊവിഡ്-19 ടെസ്റ്റ്' എന്നതിൽ ക്ലിക്ക് ചെയ്യണം.

3. അന്താരാഷ്ട്ര യാത്രക്കാരൻ എന്നത് തെരഞ്ഞെടുക്കുക.

4. പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.

5. ആര്‍ടിപിസിആര്‍, റാപ്പിഡ് ആര്‍ടിപിസിആര്‍ എന്നിവയില്‍ നിന്ന് പരിശോധനാ രീതി തെരഞ്ഞെടുക്കുക.

6. സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പാലിക്കുകയും വിമാനത്താവളങ്ങളിൽ എത്തുമ്പോൾ നടത്തേണ്ട ആർടിപിസിആർ ടെസ്റ്റിനായി സ്ലോട്ട് ബുക്ക് ചെയ്യുകയും വേണം.

ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയാണ് ഈടാക്കുക. വേഗത്തിൽ പരിശോധനാ ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3,500 രൂപയാണ്. ആറ് മുതൽ എട്ട് മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധനാ ഫലങ്ങൾ ലഭ്യമാകും. മുപ്പത് മുതൽ ഒന്നര മണിക്കൂറിനുള്ളിൽ റാപ്പിഡ് പരിശോധന ഫലം ലഭ്യമാകും.

രാജ്യത്ത് ഇതുവരെ 161 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോണിൻ്റെ ഗുരുതരമായ സാഹചര്യം രാജ്യത്ത് ഒരു കേസിൽ പോലും സംഭവിച്ചിട്ടില്ല. ഇവരിൽ 14 പേർക്കും കാര്യമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ രോഗമുക്തി നേടി.

Tags:    

Similar News