ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗമുക്തര്‍ ഇന്ത്യയില്‍; രോഗമുക്തി നിരക്ക് 91.3 ശതമാനം
ന്യൂഡല്‍ഹി: 24 മണിക്കൂറില്‍ 48,268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ ദിവസം 551 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ളത് ഇന്ത്യയിലാണ്.
ഇന്ത്യയില്‍ നിലവില്‍ 5,82,649 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ആശുപത്രികളില്‍ കഴിയുന്നത്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 6,00,000ത്തിനു താഴെ ആകുന്നത് മൂന്നു മാസത്തിനിടയില്‍ ഇതാദ്യമാണ്. ആഗസ്റ്റ് 6ന് ഇത് 5,95,000 ആയിരുന്നു.
നിലവില്‍ രാജ്യത്ത് 74,32,829 പേരാണ് രോഗമുക്തരായത്. വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി 59,454 പേര്‍ രോഗമുക്തരായി. ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമത്തെ സ്ഥാനം ഇന്ത്യയ്ക്കാണെങ്കിലും രോഗമുക്തരില്‍ രാജ്യം ഒന്നാം സ്ഥാനത്താണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സജീവ രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസം 68,50,180 ആയിട്ടുണ്ട്. രോഗമുക്തിനിരക്ക് 91.34 ശതമാനമായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡല്‍ഹില്‍ രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി നാലാം ദിവസവും വര്‍ധിച്ചിരിക്കുകയാണ്. കേന്ദ്ര ആരോഗ്യവകുപ്പും സംസ്ഥാന ആരോഗ്യവകുപ്പും ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കൊവിഡ് മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ചുവെന്നാണ് കരുതുന്നത്.
രാജ്യത്തെ കൊവിഡ് രോഗമുക്തരില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗമുക്തരുള്ളത്. 8,000 പേരാണ് കഴിഞ്ഞ ദിവസത്തെ രോഗമുക്തരുടെ എണ്ണം. കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിദിന രോഗമുക്തര്‍ 7,000വീതമാണ്.
രാജ്യത്ത് 48,648 പേരാണ് കഴിഞ്ഞ ദിവസം രോഗബാധിതരായത്. അതില്‍ 78 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. കേരളത്തിലാണ് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ളത്, 70,00ത്തിലധികം. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്നു.
രാജ്യത്ത് 563 പേരാണ് കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ച് മരിച്ചത്. അതില്‍ 81 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 156 പേര്‍. ബംഗാളില്‍ 61 പേരും മരിച്ചു.
ലോകാരോഗ്യ സംഘടനയുടെ നിലപാടനുസരിച്ച് ദശലക്ഷത്തിന് 140 എന്ന നിരക്കില്‍ പരിശോധന നടത്തേണ്ടതുണ്ട്. രാജ്യത്തെ 35 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഈ നിബന്ധനയേക്കാള്‍ കൂടുതല്‍ പരിശോധന നടത്തിയിട്ടുണ്ട്. ദേശീയ ശരാശരി തന്നെ 844ആണ്. ഡല്‍ഹിയിലും കേരളത്തിലും ഈ സംഖ്യ 3000 കടന്നു.